ജെന്നിഫര്‍ ബ്രൗണിന്റെ കൊലപാതകം;സാക്ഷികള്‍ക്ക്‌ യാത്രാ വിലക്ക്‌

ദോഹ: അമേരിക്കന്‍ അധ്യാപിക ജെന്നിഫര്‍ ബ്രൗണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ദോഹയിലെ സാക്ഷികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ കോടതി ഉത്തരവ്. കോടതിയില്‍ ഹാജരായി മൊഴി നല്‍കാന്‍ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് സാക്ഷികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത്.
കേസില്‍ പ്രതിയായ കെനിയന്‍ സെക്യൂരിറ്റി ജീവനക്കാരന്റെ വിചാരണ നിരന്തരമായി നീട്ടിവെയ്ക്കപ്പെടുകയാണ്.  2012 നവംബര്‍ 14നാണ് നാല്‍പതുകാരിയായ ജെന്നിഫര്‍ ബ്രൗണ്‍ കൊല്ലപ്പെട്ടത്. ഇംഗ്ലീഷ് മോഡേണ്‍ സ്‌കൂളിന്റെ അല്‍ വക്‌റ കാംപസിലെ അധ്യാപികയായിരുന്നു അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ ജിം തോര്‍പ്പില്‍ നിന്നുള്ള ജെന്നിഫര്‍ ബ്രൗണ്‍. അവര്‍ സഹപ്രവര്‍ത്തകരോടൊപ്പം അല്‍ സദ്ദിലെ താമസസ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് ഇവര്‍ കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടിയിരുന്നു. മോഷണശ്രമത്തിനിടെ കൊലപാതകം നടന്നുവെന്നാണ് പൊലീസ് കോടതിയില്‍ വ്യക്തമാക്കിയത്. കേസ് അടുത്ത തവണ പരിഗണിക്കുമ്പോള്‍ ആറു പ്രധാന സാക്ഷികളും ഹാജരായി മൊഴി നല്‍കണമെന്നും അതുവരെ യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്നുമാണ് കോടതി നിര്‍ദേശം. പ്രതിക്കുവേണ്ടി വാദിക്കാന്‍ അഭിഭാഷകനെ കണ്ടെത്താന്‍ പ്രയാസപ്പെട്ടത് വിചാരണയുടെ ആദ്യഘട്ടങ്ങളില്‍ കേസ് വൈകാന്‍ കാരണമായിരുന്നു. തുടര്‍ച്ചയായി പ്രതിഭാഗം അഭിഭാഷകര്‍ മാറിയിരുന്നു.
പ്രതിക്കു വേണ്ടി വാദിക്കാന്‍ നിയോഗിക്കപ്പെട്ട അഭിഭാഷകന്‍ പലപ്പോഴും കോടതിയില്‍ ഹാജരായിരുന്നില്ല. സാക്ഷികള്‍ കോടതിയില്‍ ഹാജരാകാത്തതും കേസിന്റെ വിചാരണയെ സാരമായി ബാധിക്കുന്നുണ്ട്. ഇന്നലെ കോടതി കേസ് പരിഗണിച്ചപ്പോള്‍ പ്രതിക്കുവേണ്ടി പുതിയൊരു അഭിഭാഷകനാണ് ഹാജരായത്. 2013 ജൂലായിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. പ്രതിയെ മനഃശാസ്ത്ര പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പ്രസ്തുത ഘട്ടത്തില്‍ കോടതി ഉത്തരവിട്ടിരുന്നു. പ്രതിയെ പരിശോധിച്ച മനോരോഗ വിദഗ്ധ ഉള്‍പ്പെടെ നിരവധി സാക്ഷികള്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരായിരുന്നില്ല.  വൈദ്യസംഘം ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് മുന്‍പ് നിരവധി തവണ കേസ് നീട്ടിവെച്ചിരുന്നു. അതിനുശേഷം മനോരോഗവിദഗ്ധയുടെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ പൊരുത്തക്കേടുകളുണ്ടെന്നും വ്യക്തത വരുത്താനായി പ്രതിയെ പരിശോധിച്ച ഡോക്ടറില്‍നിന്നും മൊഴിയെടുക്കേണ്ടതുണ്ടെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ഇവര്‍ക്കു പുറമെ ആഭ്യന്തര മന്ത്രാലയത്തിലെ കുറ്റാന്വേഷണ വിഭാഗത്തിലെ അഞ്ചു സാക്ഷികളും കോടതിയില്‍ മൊഴി നല്‍കാന്‍ തയ്യാറായിട്ടില്ല. ഇന്നലെ രാവില പുതിയ ജഡ്ജിമാരടങ്ങിയ പാനലാണ് ഈ കേസ് പരിഗണിച്ചത്. പ്രതിയെ പരിശോധിച്ച ഡോക്ടറും കുറ്റാന്വേഷണ വിഭാഗത്തിലെ അഞ്ചുപേരും ഉള്‍പ്പടെ ആറു സാക്ഷികളും അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകണമെന്നും അതുവരെ യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ ബ്രൗണിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഫോറന്‍സിക് ഡോക്ടര്‍ക്ക് യാത്രാവിലക്കില്ല.
കേസില്‍ സെക്യൂരിറ്റി ഗാര്‍ഡ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാല്‍ വധശിക്ഷ ലഭിക്കാം. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഖത്തറില്‍ ആരെയും വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടില്ല. കേസ് ഡിസംബര്‍ ഏഴിന് വീണ്ടും പരിഗണിക്കും.