ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ ഖത്തര്‍ തീരത്ത്‌

ins delhiദോഹ: ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകളായ ഐ എന്‍ എസ് ദല്‍ഹിയും ഐ എന്‍ എസ് തൃശൂലും ദോഹ തുറമുഖത്തെത്തി. ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളുമായുള്ള കടല്‍ സഹകരണത്തിന്റെ ഭാഗമായി നാല് ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ അറേബ്യന്‍ ഗള്‍ഫ് സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് ദല്‍ഹിയും തൃശൂലും ദോഹയിലെത്തിയത്. കപ്പലുകള്‍ 17-ാം തിയ്യതി വരെ ദോഹ തുറമുഖത്തുണ്ടാകും.

ഇന്ത്യയും ഖത്തറും തമ്മിലുള്ള വിവിധോദ്ദേശ ബന്ധങ്ങളുടേയും വളരുന്ന സഹകരണത്തിന്റേയും ഭാഗമായാണ് ഐ എന്‍ എസ് ദല്‍ഹിയുടേയും തൃശൂലിന്റേയും സന്ദര്‍ശനമെന്ന് ഐ എന്‍ എസ് ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ പറഞ്ഞു. ഡിഫന്‍സ് അറ്റാഷെ രവി കുമാര്‍, ഐ എന്‍ എസ് ദല്‍ഹിയുടെ കമാന്റിംഗ് ഓഫിസര്‍ ക്യാപ്റ്റന്‍ കാര്‍ത്തിക് കൃഷ്ണന്‍, ഐ എന്‍ എസ് തൃശൂലിന്റെ കമാന്റിംഗ് ഓഫിസര്‍ മനീഷ് മിശ്ര എന്നിവരും ഓണ്‍ബോര്‍ഡില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ഉഭയകക്ഷി ബന്ധങ്ങളുടെ ഭാഗമായുള്ള സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളുടേയും നാവിക സേനാംഗങ്ങള്‍ സംയുക്ത പരിശീലനം നടത്തുമെന്ന് അംബാസഡര്‍ അറിയിച്ചു. ഇന്ത്യന്‍ കപ്പലുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഖത്തര്‍ അമീരി നാവിക സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടത്തും. ഇരുരാജ്യങ്ങളുടേയും നാവിക സേനകളുടെ പ്രവര്‍ത്തന പരിചയങ്ങളും കഴിവുകളും പരസ്പരം കൈമാറുകയും കാഴ്ചപ്പാടുകള്‍ വിശദീകരിക്കുകയും ചെയ്യും. ഇരുരാജ്യങ്ങള്‍ക്കും പൊതുവായി താത്പര്യമുള്ള വിഷയങ്ങളിലും ചര്‍ച്ചകള്‍ നടത്തും.

ഇന്ത്യന്‍ നാവിക സേനയുടെ കപ്പലുകള്‍ക്ക് ഖത്തര്‍ സന്ദര്‍ശനത്തിന് സൗകര്യമൊരുക്കിയതിന് ഖത്തര്‍ ഗവണ്‍മെന്റിനോടും അമീരി നാവികസേനയോടും ഇന്ത്യന്‍ അംബാസഡര്‍ നന്ദി രേഖപ്പെടുത്തി. കൃസ്തുവിന് മുമ്പ് 4000 മുതല്‍ തന്നെ ഇന്ത്യയ്ക്ക് ഗള്‍ഫ് മേഖലയുമായി വ്യാപാര ബന്ധങ്ങളും കടല്‍ സമ്പര്‍ക്കങ്ങളുമുണ്ടായിരുന്നതാ യി അംബാസഡര്‍ ഓര്‍ത്തെടുത്തു. എയര്‍ക്രാഫ്റ്റ് കാരിയറുകള്‍, അത്യന്താധുനിക കപ്പലുകള്‍, മുങ്ങിക്കപ്പലുകള്‍, എയര്‍ക്രാഫ്റ്റിലും കടലിലും ഒരുപോലെ ഉപയുക്തമാകുന്ന കമാന്റോകള്‍ തുടങ്ങി വ്യത്യസ്ത കഴിവുള്ള  ഇന്ത്യന്‍ നാവികസേന ഖത്തര്‍ നാവിക സേനയ്ക്ക് പരിശീലനം നല്കും. ഇന്ത്യന്‍ നാവികസേനയുടെ പ്രധാന പ്രത്യേകതകളിലൊന്ന് പട്ടാളക്കപ്പലുകളില്‍ ഭൂരിപക്ഷവും ഇന്ത്യതന്നെ വികസിപ്പിക്കുകയും നിര്‍മിക്കുകയും ചെയ്തിട്ടുള്ളവയാണെന്നും അംബാസഡര്‍ പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്ന ഇന്ത്യന്‍ നാവിക സേന നിരവധി തവണ ഗള്‍ഫ് രാജ്യങ്ങളിലെ നാവിക സേനകളുമായി ചേര്‍ന്ന് സംയുക്ത പരിശീലനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയിലെ നാവിക സേനകള്‍ക്ക് പരിശീലനം നല്കുകയും കടല്‍ക്കൊള്ളക്കാര്‍ക്കും തീവ്രവാദികള്‍ക്കുമെതിരെ കടുത്ത നടപടികളും സ്വീകരിച്ചിട്ടുണ്ട്.

ഇന്ത്യയും ഖത്തറും തമ്മിലുള്ള മികച്ച ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതോടൊപ്പം പ്രതിരോധ രംഗത്തും ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പരം സഹകരണത്തിന്റെ നയങ്ങളാണ് പിന്തുടരുന്നതെന്ന് അംബാസഡര്‍ പറഞ്ഞു. 2008 നവംബറില്‍ പ്രതിരോധ സഹകരണ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതോടെ ഇരുരാജ്യങ്ങളുടേയും പരസ്പരബന്ധം കൂടുതല്‍ ദൃഢമാവുകയും പരിശീലനത്തിനും തന്ത്രപ്രധാനമായ പഠനങ്ങള്‍ക്കും സംയുക്ത പരിശീലനത്തിനും വിവരങ്ങളുടെ പങ്കുവെക്കലിനും ഇടയാവുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ- ഖത്തര്‍ സംയുക്ത പ്രതിരോധ സഹകരണ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ 35 രാജ്യങ്ങള്‍ ചേര്‍ന്നുള്ള സഹകരണ പ്രസ്ഥാനമായ ഇന്ത്യന്‍ ഓഷ്യന്‍ നേവല്‍ സിംപോസിയത്തില്‍ ഇന്ത്യയും ഖത്തറും അംഗങ്ങളാണ്. ഇന്ത്യന്‍ ഓഷ്യന്‍ നേവല്‍ സിംപോസിയത്തിന്റെ അടുത്ത കൂടിച്ചേരല്‍ 2016ല്‍ ബംഗ്ലാദേശില്‍ നടക്കുമെന്നും അംബാസഡര്‍ അറിയിച്ചു. ഇന്ത്യന്‍ നാവികസേനയുടെ ദീപക്, ദല്‍ഹി, തബാര്‍, തൃശൂല്‍ എന്നീ കപ്പലുകളാണ് ജി സി സി രാജ്യങ്ങളില്‍ ഒരുമാസം നീളുന്ന സന്ദര്‍ശനം നടത്തുന്നത്. മുംബൈ കേന്ദ്രമാക്കിയുള്ള ഇന്ത്യന്‍ നേവിയുടെ വെസ്റ്റേണ്‍ ഫഌറ്റിന്റെ ഭാഗമാണ് കപ്പലുകള്‍.