ഖത്തറിലെ എല്ലാ ബസ്‌ സ്റ്റോപ്പുകളും ശീതീകരിക്കണം; സെന്‍ട്രല്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗം

imagesദോഹ: രാജ്യത്തെ എല്ലാ ബസ് സ്റ്റേഷനുകളും ശീതീകരിക്കണമെന്ന് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. കൂടുതല്‍ എ സി ബസ് സ്റ്റോപ്പുകള്‍ നിര്‍മിക്കേണ്ടതുണ്ട്. ഖത്തറിലെ കനത്ത ചൂട് കണക്കിലെടുക്കുമ്പോള്‍ നിലവിലുള്ള എല്ലാ ബസ് സ്റ്റോപ്പുകളും ശീതീകരിക്കണമെന്നും കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
നിരവധി ബസ് സ്റ്റോപ്പുകളില്‍ രാത്രിയില്‍ വെളിച്ചമുണ്ടാകാറില്ല. രാത്രികാലങ്ങളില്‍ ഇവയില്‍ ആവശ്യത്തിനു വെളിച്ചം ഉറപ്പാക്കണമെന്ന്  അംഗങ്ങള്‍ നിര്‍ദേശിച്ചു. ബസ് സ്റ്റോപ്പുകള്‍ക്കു പുറമെ പൊതുസ്ഥലങ്ങളിലുള്ള എല്ലാ കാത്തിരിപ്പുകേന്ദ്രങ്ങളും എയര്‍കണ്ടീഷന്‍, ലൈറ്റ് സംവിധാനങ്ങളോടെ ആധുനീകരിക്കണമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
പാര്‍ക്കുകളോടും മസ്ജിദുകളോടും മറ്റുപൊതുസ്ഥലങ്ങളോടും ബന്ധപ്പെട്ടുള്ള സ്റ്റോപ്പുകളില്‍ ആധുനിക ബസ്‌ഷെല്‍ട്ടറുകള്‍ നിര്‍മിക്കേണ്ടതുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണം. കടുത്ത വേനലില്‍ മരത്തണലുകളെ ആശ്രയിക്കുന്ന തൊഴിലാളികള്‍ക്കും ഇത്തരം ഷെല്‍റ്ററുകള്‍ വലിയ സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൗണ്‍സിലിലെ മറ്റൊരംഗം മുഹമ്മദ് ബിന്‍ ഷഹീന്‍ അല്‍ദോസരി  ഈ നിര്‍ദേശത്തെ പിന്തുണച്ചു. യു എ ഇ, മലേഷ്യ ഉള്‍പ്പടെയുള്ള പല രാജ്യങ്ങളിലും ഇതുപോലുള്ള ആധുനിക ബസ് ഷെല്‍ട്ടറുകളുണ്ട.് ദുബൈയിലെ എല്ലാ ബസ് ഷെല്‍ട്ടറുകളും എയര്‍കണ്ടീഷന്‍ ചെയ്തവയാണ്. രാത്രി അവയില്‍ ലൈറ്റുകളുമുണ്ടാകും. ഖത്തറിനും ഈ മാതൃക സ്വീകരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. മറ്റുചില കൗണ്‍സിലര്‍മാരും ഈ നിര്‍ദേശത്തോട് യോജിച്ചു. റോഡുകളില്‍ ട്രെയ്‌ലറുകളും വലിയ വാഹനങ്ങളും സൃഷ്ടിക്കുന്ന ഗതാഗത തടസവും അപകടങ്ങളും ഒഴിവാക്കാന്‍ ട്രാഫിക് വിഭാഗം ആവശ്യമായ നടപടികളെടുക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഹെവിട്രക്കുകള്‍ ഉയര്‍ത്തുന്ന അപകട ഭീഷണിയെ കുറിച്ച് ട്രാഫിക് അധികൃതര്‍ ബോധവത്ക്കരണം തുടങ്ങണമെന്ന് സി എം സി വൈസ്‌ചെയര്‍മാന്‍ ജാസിം ബിന്‍ അബ്ദുല്ല അല്‍മല്‍കി നിര്‍ദേശിച്ചു. ട്രെയിലറുകള്‍ ഉണ്ടാക്കുന്ന അപകടങ്ങളില്‍ ഒട്ടേറെ ജീവനുകള്‍ നഷ്ടമാകുന്നുണ്ടെന്നും ഇക്കാര്യങ്ങള്‍ ഗൗരവമായി കാണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. ട്രെയിലറുകളില്‍ കയറ്റാവുന്ന പരമാവധി ലോഡ് എത്രയെന്ന് അധികൃതര്‍ വ്യക്തമാക്കണമെന്ന ആവശ്യവും കൗണ്‍സില്‍യോഗത്തില്‍ ഉയര്‍ന്നു.