പരപ്പനങ്ങാടി പുത്തന്‍പീടിക അണ്ടര്‍ബ്രിഡ്ജില്‍ മണ്ണിടിഞ്ഞ് 2 പേര്‍മരിച്ചു

Story dated:Monday January 30th, 2017,09 30:pm
sameeksha

 

പരപ്പനങ്ങാടി: നിര്‍മ്മാണത്തിലിരിക്കുന്ന പുത്തന്‍പീടിക അണ്ടര്‍ബ്രിഡ്ജില്‍ മണ്ണിടിഞ്ഞ് രണ്ട്‌പേര്‍ മരിച്ചു. രാത്രി 9 മണിയോടെയാണ് അപകടം സംഭവിച്ചത്. അണ്ടര്‍ബ്രിഡ്ജിനടിയില്‍മണ്ണ് മാറ്റിക്കൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കടലുണ്ടി എടച്ചിറ സ്വദേശി പാലക്കത്തറ സുഗുമാരന്‍(54),തമിഴ്‌നാട് സ്വദേശിയും ഇപ്പോള്‍ കല്ലമ്പാറയില്‍ താമസിച്ചുവരുന്ന സുബ്രു(25)എന്നിവരാണ് മരിച്ചത്. പുത്തന്‍ പീടിക സ്വദേശികളായ അലി, അസ്‌ക്കര്‍ എന്നിവര്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

അടിപ്പാതയുടെ കിഴക്ക് ഭാഗത്ത് മണ്ണ് നീക്കം ചെയ്ത് കോണ്‍ഗ്രീറ്റ് ഗര്‍ഡര്‍ സ്ഥാപിക്കുന്നതിന് മുമ്പായി ലവലിങ് നടത്തുന്നതിനായി മണ്ണ് നീക്കം ചെയാന്‍ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

ശനിയാഴിച്ച പടിഞ്ഞാറുഭാഗത്തെ മൂന്ന് കോണ്‍ഗ്രീറ്റ് ഗര്‍ഡറുകള്‍മാറ്റി സ്ഥാപിച്ചിരുന്നു. യാതൊരു മുന്‍കുതല്‍ നടപടികളും സ്വീകരിക്കാതെയാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നിരുന്നത്. തീവണ്ടി കടന്നുപോകുന്ന സമയത്തുപോലും ഇവിടെ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി നടന്നിരുന്നു. നാട്ടുകാരില്‍ പലരും ഇത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സ്ഥലത്തെത്തിയ നാട്ടുകാരും പരപ്പനങ്ങാടി പോലീസും മലപ്പുറം ഫയര്‍ഫോഴ്‌സ് യൂണിറ്റുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്താണ് മൃതദേങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടസ്ഥലത്തേക്ക് ആംബുലന്‍സ് എത്താന്‍ താമസിച്ചത് പ്രതിഷേധത്തിന് ഇടയാക്കി.