പരപ്പനങ്ങാടി സ്വദേശികളായ ദമ്പതികളെ ആക്രമിച്ച കേസ്‌; തിരൂര്‍ സ്വദേശികളായ പ്രതികള്‍ക്ക്‌ തടവും പിഴയും

Untitled-1 copyമഞ്ചേരി: പരപ്പനങ്ങാടി സ്വദേശികളായ ദമ്പതികളെ പുറത്തൂര്‍ പടിഞ്ഞാറേക്കരയില്‍ വെച്ച്‌ ആക്രമിച്ച കേസില്‍ രണ്ട്‌ പ്രതികള്‍ക്ക്‌ മൂന്ന്‌ വര്‍ഷം തടവും 15,000 രൂപ പിഴയും. തിരൂര്‍ കൂട്ടായി കുഞ്ഞീന്‍ കടവത്ത്‌ ജംഷീര്‍(30), ഈസ്‌പാടത്ത്‌ സഫീര്‍(31) എന്നിവരെയാണ്‌ ഒന്നാം അഡീഷമല്‍ സെഷന്‍ കോടതി ജഡ്‌ജി കെ ഫി സുധീര്‍ ശിക്ഷിച്ചത്‌.

കടലുകാണാനെത്തിയ ദമ്പതികളെയാണ്‌ പ്രതികള്‍ ആക്രമിച്ചത്‌. 2009 സെപ്‌തംബര്‍ 22 നാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌.ഭാര്യയെ കടന്നുപിടിക്കാന്‍ ശ്രമിക്കുന്നത്‌ തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പിടിച്ചുവലിച്ച്‌ ഇരുമ്പ്‌പൈപ്പ്‌ കൊണ്ട്‌ തലക്കടിക്കുകയായിരുന്നു. ഇയാളുടെ വലതുകൈയുടെ എല്ല്‌ പൊട്ടി.

12 സാക്ഷികളുള്ള കേസില്‍ ഒമ്പത്‌ പേരെ വിസ്‌തരിച്ചു. ഒമ്പത്‌ രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.