പാട്ടും പൂട്ടും ആവേശം പകര്‍ന്ന രണ്ടത്താണി ഹംസയുടെ ആ പഴയ കാലം

randathani hamsa1കോട്ടക്കല്‍ : മാപ്പിളപ്പാട്ടിന്റെ ഈണവും കന്നുപൂട്ടിന്റെ ആവേശവുമായിരുന്നു രണ്ടത്താണി ഹംസയുടെ ചെറുപ്പത്തിലെ തിളക്കമുള്ള ഈരടികളെന്ന്‌ ഇളയ സഹോദരന്‍ അബൂബക്കര്‍. രണ്ടാംക്ലാസു വിദ്യാഭ്യാസം മാത്രം നേടിയ ഹംസാക്ക ജീവിതം മൂഴുവന്‍ പാട്ടുശീലുകളുടെ താളത്തിനായി സമര്‍പ്പിക്കുകയായിരുന്നു. രണ്ടത്താണിയിലെ വീടിനു സമീപത്തുള്ള മൊല്ലാക്കയുടെ വീടിന്റെ മച്ചിന്‍മേലിരുന്ന്‌ മൊല്ലാക്കയുടെ മകന്റെ ശിക്ഷണത്തി്‌ലാണ്‌ രണ്ടാം ക്ലാസ്‌ വിദ്യാഭ്യാസം സ്വായത്തമാക്കിയത്‌. അന്നത്തെ പഠനകാലത്തെല്ലാം ചുണ്ടിലും മനസ്സിലും പാട്ടിന്റെ ഈരടികളായിരുന്നു.ഹാര്‍മോണിയം വിദ്വാനായ ഒസ്സാന്‍ ഹസന്‍കുട്ടി എന്ന നാട്ടുകാരനാണ്‌ ഹംസക്കാന്റെ ആദ്യ ഗൂരു. പത്താം വയസ്സു മുതല്‍ തന്നെ വിവിധവേദികളില്‍ പാട്ടിന്റെ തേനൊലിപ്പിച്ച ഹംസക്കയുമായി കൂട്ടുകൂടാന്‍ ധാരാളം പേരെത്തിയിരുന്നു. ദാരിദ്രം വിളയുന്ന വീടുകളില്‍ നിന്നുള്ള തന്റെ കൂട്ടുകാര്‍ക്ക്‌ തനിക്ക്‌ കിട്ടുന്ന പങ്കില്‍ നിന്ന്‌ ഭക്ഷണം വാങ്ങികൊടുക്കുന്നതില്‍ ഹംസക്ക ഏറെ താല്‍പരനായിരുന്നന്നും അബൂബക്കര്‍ മലബാറീ ന്യൂസിനോട്‌ പറഞ്ഞു.

കാര്യമായ അക്ഷരാഭ്യാസമില്ലാതിരുന്ന ഹംസക്ക സംഗീത ലോകത്ത്‌ കൂടുതല്‍ അറിയപ്പെട്ടതോടെ അക്ഷരാഭ്യാസത്തിനായി ശ്രമം നടത്തിയിരുന്നു. മരണം വരെ പാട്ടിന്റെ ലോകത്ത്‌ പാറിനടന്ന ഹംസക്ക കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ മകന്‍ അസ്‌കറിനൊപ്പം പാര്‍ട്ടികള്‍ക്ക്‌ വേണ്ടി പ്രചാരണപാട്ടുകള്‍ പാടിയിരുന്നുവെന്ന്‌ ഹംസക്കയുടെ സുഹൃത്തുക്കള്‍ ഓര്‍ത്തെടുക്കുന്നു. ജീവിതമൂല്യങ്ങള്‍ക്ക്‌ അടിവരയിടുന്ന രണ്ടത്താണി ഹംസയുടെ പാട്ടുകളെ അന്വര്‍ഥമാക്കുന്ന രീതിയിലാണ്‌ അദ്ധേഹത്തിന്റെ ജീവിതവും. മജ്ജമാറ്റിവെക്കുന്നതിനായി സഹായം തേടുന്ന വൈലത്തൂര്‍ സ്വദേശിയായ ബാലന്‌ വേണ്ടിയുള്ള ഗാനമേളപരിപാടിയിലും ഇദ്ദേഹം ഈയടുത്ത്‌ പാട്ടുപാടാനെത്തിയിരുന്നു. പ്രശസ്‌തിയുടെ നിറവില്‍ മതിമറന്നു പോകാതെ അവസാനകാലം വരെ സാധാരണക്കാരനായി ജീവിച്ച ഇദ്ദേഹത്തിന്‌ നിരവധി പ്രാദേശിക പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.