മഞ്ചേരിയില്‍ മോഷ്ടിച്ച ബൈക്കുമായി യുവാക്കള്‍ പിടിയില്‍

Untitled-1 copyമഞ്ചേരി : മഞ്ചേരിയില്‍ മോഷ്ടിച്ച ബൈക്കുമായി യുവാക്കള്‍ പിടിയിലായി. വിനോദയാത്രക്കിടെ കോയമ്പത്തൂരില്‍നിന്ന് ബൈക്ക് മോഷ്ടിച്ച യുവാക്കളെ മഞ്ചേരിയില്‍ എക്സൈസ് സിഐ വേലായുധന്‍ കുന്നത്തും സംഘവുമാണ്‌ പിടികൂടിയത്‌. വാഴക്കാട് പേരെടുത്തമീത്തല്‍ ആഷിഖ് (22), കോഴിക്കോട് മുക്കം നമ്പിപ്പറമ്പില്‍ ഫാരിസ് (23) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം കോയമ്പത്തൂരിലേക്ക് വിനോദയാത്ര പോയതായിരുന്നു ഇരുവരും. കൈവശമുണ്ടായിരുന്ന പണം തീര്‍ന്നപ്പോള്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കുമായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മഞ്ചേരി വായ്പാറപ്പടിയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘമാണ് ബൈക്ക് പിടികൂടിയത്.

പ്രതികളെയും ബൈക്കും മഞ്ചേരി പൊലീസിന് കൈമാറി.