കൊണ്ടോട്ടിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ നൈജീരിയന്‍ സ്വദേശി പിടിയില്‍

കൊണ്ടോട്ടി: ഓണ്‍ലൈന്‍ വഴി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ കൊണ്ടോട്ടി പോലീസ് ഡല്‍ഹിയില്‍ അറസറ്റ് ചെയ്തു. നൈജീരിയന്‍ സ്വദേശിയായ ഡാനിയേല്‍(43) ആണ് പിടിയിലായത്. കൊണ്ടോട്ടി സ്വദേശിയില്‍ നിന്നും പണം തട്ടിയെടുത്ത കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ വ്യാഴാഴ്ച കൊണ്ടോട്ടിയിലെത്തിക്കും.

ഡാനിയേല്‍ യുകെ വനിതയാണെന്ന് പറഞ്ഞാണ്  കൊണ്ടോട്ടി സ്വദേശിയുമായി ഫെയ്സ്ബുക്കുവഴി പരിചയപ്പെട്ടത്. കണക്കില്‍പ്പെടാത്ത 47,000 പൌണ്ടും ലാപ്ടോപ്പും ഐഫോണുമായി ഡല്‍ഹി വിമാനത്താവളത്തില്‍ കസ്റ്റഡിയിലായെന്നും പുറത്തിറങ്ങാന്‍ സെക്യൂരിറ്റി ഡപ്പോസിറ്റ് വേണമെന്നും തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്. ഡല്‍ഹി ഹൈക്കോടതി, യുഎന്‍ഒ, കസ്റ്റംസ്വകുപ്പ് എന്നിവയുടെ ലേബലില്‍ വ്യാജരേഖയുണ്ടാക്കി കൊണ്ടോട്ടി സ്വദേശിയുടെ മൊബൈല്‍ഫോണിലേക്ക് അയച്ചുകൊടുത്തു. തുടര്‍ന്ന് വിവിധ അക്കൌണ്ടുകളിലേക്ക് 5,25,500 രൂപ ട്രാന്‍സ്ഫര്‍ചെയ്യിച്ചു.

സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ പ്രതിയുടെ നീക്കം മനസ്സിലാക്കിയ ശേഷമാണ് കൊണ്ടോട്ടി എസ്ഐ സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ്സംഘം ഡല്‍ഹിയിലെത്തിയത്. ഡല്‍ഹി നഗരാതിര്‍ത്തിയിലെ ബുറാഡി കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. നൈജീരിയന്‍ സ്വദേശികളായ ഒട്ടേറെപേര്‍ ബുറാഡിയിലെ കോളനിയില്‍ താമസിക്കുന്നുണ്ടെന്നും ഒരാള്‍കൂടി ഓണ്‍ലൈന്‍ തട്ടിപ്പ്സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരമെന്നും പൊലീസ് പറഞ്ഞു. ഡാനിയേലാണ് മുഖ്യസൂത്രധാരന്‍.
പ്രതിയുടെ അക്കൌണ്ട് പൊലീസ് മരവിപ്പിച്ചു. നോട്ട് അസാധുവാക്കിയതിനുശേഷം നടന്ന തട്ടിപ്പായതിനാല്‍ ഒറ്റയടിക്ക് പ്രതിക്ക് പണം പിന്‍വലിക്കാന്‍ സാധിച്ചില്ല. എഎസ്ഐ സുരേഷ്, സിപിഒ അബ്ദുള്ളബാബു, ഷബീര്‍, മുഹമ്മദ്ഷാക്കിര്‍, എഎസ്ഐ സന്തോഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.