കുവൈത്തില്‍ വിദേശികള്‍ക്ക് വില്ലകളില്‍ താമസം അനുവദിക്കരുത്

കുവൈത്ത് സിറ്റി: വിദേശികളെ വില്ലകളില്‍ താമസിക്കാന്‍ അനുവദിക്കരുതെന്ന് കുവൈത്തിലെ റിയല്‍ എസ്റ്റേറ്റ് സംഘടന. വിദേശികള്‍ക്കു വില്ലകളില്‍ താമസം അനുവദിക്കുന്നതു റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും റിയല്‍ എസ്റ്റേറ്റ് ഫെഡറേഷന്‍ എന്ന സംഘടനയുടെ വാദം.

വെള്ളത്തിനും വൈദ്യുതിക്കുമുള്ള സബ്‌സിഡി ആനുകൂല്യം സ്വദേശികള്‍ക്കു മാത്രമാണ് ലഭ്യമാകുന്നതെന്ന് ഉറപ്പാക്കാനും ഇത്തരമൊരു നിയന്ത്രണം ആവശ്യമാണെന്നു ഫെഡറേഷന്‍ സെക്രട്ടറി ഗൈസ് അല്‍ ഗാനിം വ്യക്തമാക്കി.

സബിസിഡി ആനുകൂല്യം വില്ലകള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയതോടെ വിദേശികള്‍ ഇവ വാടകയ്‌ക്കെടുക്കുന്ന പ്രവണത വര്‍ദ്ധിക്കും. ഇതു തടയാന്‍ നിയന്ത്രണം ആവശ്യമാണ്. അറബ് ഇതര വിദേശികള്‍ മദ്യം വാറ്റാനും മറ്റും വില്ലകള്‍ ഉപയോഗിക്കുന്നതായും പരാതിയുണ്ട്.

വിദേശികളുടെ താമസം ഫ്‌ളാറ്റുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയാല്‍ ഈ മേഖലയില്‍ നിക്ഷേപം വര്‍ദ്ധിക്കുമെന്നും റിയല്‍ എസ്റ്റേറ്റ് വളര്‍ച്ചയ്ക്കു സഹായകരമാകുമെന്നുമുള്ള വാദവും ഉയര്‍ന്നു വന്നിട്ടുണ്ട്.