തെന്നലയില്‍ 10 വാര്‍ഡുകളില്‍ ഇഞ്ചോടിഞ്ച്‌ പോരാട്ടം

കോട്ടക്കല്‍ : തെന്നല പഞ്ചായത്തിലെ പത്തു വാര്‍ഡുകളില്‍ ജനകീയ മുന്നണിയും മൂസ്ലീംലീഗും ജീവന്‍മരണപോരാട്ടത്തില്‍. ഇരു വിഭാഗവും വിശ്രമമില്ലാതെ പ്രചാരണങ്ങളുമായി മുന്നേറുകയാണ്‌. പഞ്ചായത്തിലെ മൊത്തം 17 വാര്‍ഡുകളിലും ജനകീയ മുന്നണി മത്സരിക്കുന്നുണ്ടങ്കിലും ഏഴു വാര്‍ഡുകളില്‍ ലീഗിന്‌ വ്യക്തമായ സ്വാധീനമുണ്ട്‌. നിലവില്‍ 1,4,7,8,9,10,14,15,16,17 വാര്‍ഡുകളിലാണ്‌ ജനകീയ മുന്നണി മുസ്ലീംലീഗിനെതിരെ ഇഞ്ചോടിഞ്ച്‌ പോരാടുന്നത്‌. 10, 14 വാര്‍ഡുകളില്‍ ജനകീയ മുന്നണിയുടെയും മൂസ്ലീംലീഗിന്റെയും സ്ഥാനാര്‍ഥികളുടെ പേരുകളില്‍ സാമ്യമുള്ളത്‌

വോട്ടര്‍മാരുടെ ആശയകുഴപ്പത്തിലാക്കാന്‍ സാധ്യതയേറെയാണ്‌. 10 വാര്‍ഡില്‍ ജനകീയ മുന്നണി സ്ഥാനാര്‍ഥി സമീറ കുറുക്കനെ എതിരിടുന്നത്‌ മുസ്ലീംലീഗ്‌ സ്ഥാനാര്‍ഥി സമീറ ചേക്കത്താണ്‌. ഇതേ പോലെ വാര്‍ഡ്‌ 14 ല്‍ മുസ്ലീംലീഗ്‌ സ്ഥാനാര്‍ഥി റസീന കോട്ടുവാലക്കെതിരെ മത്സരിക്കുന്നത്‌ ജനകീയ മു്‌ന്നണിയുടെ ഫാത്തിമ കോട്ടുവാലയാണ്‌.
തെന്നലയില്‍ മൂസ്ലീംലീഗിനെതിരെ ഐഎന്‍എല്‍,സിപിഎം, കോണ്‍ഗ്രസ്‌, പിഡിപി, തുടങ്ങിയ പാര്‍ട്ടികള്‍ ഒത്തുചേര്‍ന്നാണ്‌ ജനകീയ മുന്നണിയെന്ന പേരില്‍ തെരഞ്ഞടുപ്പ്‌ ഗോദയിലിറങ്ങുന്നത്‌. തെന്നലയില്‍ മുസ്ലീംലീഗിനും ജനകീയ മുന്നണിക്കുമെതിരെ 10 വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നുണ്ട്‌. കഴിഞ്ഞ പ്രാവശ്യം 17 ല്‍ 14 സീറ്റുകളില്‍ മൂസ്ലീംലീഗും 3 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ്‌ വിജയിച്ചത്‌.