ഐഎസിന്റെ ക്രൂരത വീണ്ടും; 21 ക്രൈസ്തവരുടെ തലയറുത്തു

Untitled-2 copyകെയ്‌റോ: ലോകമനസാക്ഷിയെ ഞെട്ടിച്ച് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കൊടുംക്രൂരത തുടരുന്നു. 21 ക്രൈസ്തവരെ തലയറുത്ത് കൊന്നു കൊണ്ടാണ് ഐഎസ് വീണ്ടും തങ്ങളുടെ ക്രൂരതയുടെ മുഖം കാട്ടിയത്. ലിബിയയിലെ ട്രിപ്പോളിയ്ക്ക് സമീപമുള്ള ഒരു കടല്‍തീരത്തുവച്ചാണ് ഈജിപ്തുകാരായ 21 ക്രൈസ്തവരെ തലയറുത്തുകൊന്നത്.

കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ തീവ്രവാദികളുടെ വെബ്‌സൈറ്റിലൂടെയാണു പുറത്തുവന്നത്. ഓറഞ്ച് നിറമുള്ള വസ്ത്രം ധരിപ്പിച്ചാണു ബന്ദികളെ തീരത്തേക്കു വരിവരിയായി കൊണ്ടുവന്നത്. പിന്നീട് ഇവരെ മുട്ടിന്‍മേല്‍ നിറുത്തിയ ശേഷം കഴുത്തില്‍ കത്തിവച്ചു.

‘കുരിശുയുദ്ധം നടത്തിയവരെ, നിങ്ങള്‍ സുരക്ഷിതരാണെന്നത് നിങ്ങളുടെ വെറും തോന്നലുകളാണ്. നിങ്ങള്‍ ഞങ്ങള്‍ക്കെതിരെ പോരാടുകയാണെങ്കില്‍ ഞങ്ങളെല്ലാവരും ഒരുമിച്ച് നിങ്ങള്‍ക്കെതിരെയും പോരാടും. ഒസാമ ബിന്‍ലാദനെ നിങ്ങള്‍ കൊന്ന ശേഷം കെട്ടിത്താഴ്ത്തിയ ഈ കടലില്‍ ഇതാ ഞങ്ങള്‍ അല്ലാഹുവിന്റെ നാമത്തില്‍ നിങ്ങളുടെ രക്തവും കലര്‍ത്തുന്നു’ എന്ന് പറഞ്ഞുകൊണ്ട് തലയറുക്കുകയായിരുന്നു.

അള്ളാഹുവിന്റെ കൃപയാല്‍ തങ്ങള്‍ റോം പിടിക്കുമെന്നും തീവ്രവാദികളുടെ വെബ്‌സൈറ്റില്‍ വന്ന വീഡിയോയില്‍ പറയുന്നു. ഈജിപ്തിലും മറ്റു രാജ്യങ്ങളിലും മുസ്‌ലീം സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കു പകരമായാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് ഐഎസിന്റെ വാദം. അടുത്തിടെ ഭീകര വനിതയുടെ വധശിക്ഷ ജോര്‍ദാന്‍ നടപ്പിലാക്കിയിരുന്നു.