ജയലളിതയുടെ ആരോഗ്യനില വെളപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി

CM_Jayalalithaചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിലവിലെ
ആരോഗ്യസ്ഥിതിയെ കുറിച്ച് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ
ആരോഗ്യനിലയെ കുറിച്ച് അറിയാനുള്ള ആകാംക്ഷ ജനത്തിനുണ്ട്. അവരെ അതറിയിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും കോടതി വ്യകതമാക്കി. സാമൂഹ്യപ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമി നല്‍കിയ പൊതുജന താല്‍പര്യ ഹര്‍ജിയിലാണ് ഉത്തരവ്.

ആരോഗ്യനിലയെ കുറിച്ചും ജയലളിതയുടെ ആശുപത്രിയിലെ ഫോട്ടോകളും പുറത്ത് വിടണമെന്ന് കഴിഞ്ഞ ദിവസം ഡിഎംകെ പാര്‍ടിയും ആവശ്യപ്പെട്ടിരുന്നു. അതേസമയം രക്തത്തിലെ അണുബാധക്കുള്ള ചികില്‍സ തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ ഇന്നലെയും അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി ജയലളിത ചികില്‍സയിലുള്ള അപ്പോളോ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വിടുന്നുണ്ട് .ഇന്നലെ ലണ്ടനില്‍ നിന്നെത്തിയ വിദഗ്ധ ഡോക്ടര്‍ ജയലളിതയെ പരിശോധിച്ചിരുന്നു.