ഖത്തര്‍ ഹമദ്‌ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന്‌ സര്‍വ്വീസ്‌ ചാര്‍ജ്ജ്‌ ഈടാക്കും

ദോഹ: ഖത്തര്‍ ഹമദ്‌ രാജ്യാന്തര വിമാനത്താവളത്തില്‍ ഇനിമുതല്‍ യാത്രക്കാരില്‍ നിന്നും പ്രത്യേക സര്‍വ്വീസ്‌ ചാര്‍ജ്ജ്‌ ഈടാക്കും. ഇക്കാര്യം സംബന്ധിച്ച്‌ വിവിധ എയര്‍ലൈനുകള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക്‌ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്‌. ഡിപ്പാര്‍ച്ചര്‍ ചാര്‍ജ്ജ്‌ എന്ന പേരില്‍ ദോഹയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഹമദ്‌ വിമാനത്താവളം വഴിയുള്ള ട്രാന്‍സിസ്‌റ്റ്‌ യാത്രക്കാര്‍ക്കും ഫീസ്‌ ബാധകമായിരിക്കും.

ഇതു സംബന്ധിച്ച്‌ ദോഹ ഹമദ്‌ രാജ്യാന്തര വിമാനത്താവളം വഴി ഡിസംബര്‍ ഒന്ന്‌ മുതല്‍ യാത്ര ചെയ്യുന്നവരില്‍ നിന്ന്‌ 40 റിയാല്‍ വീതം അധികം ഈടാക്കാനുള്ള തീരുമാനമാണ്‌ എയര്‍പോര്‍ട്ട്‌ അധികൃതര്‍ കൈക്കൊണ്ടത്‌. ഡിപ്പാര്‍ച്ചര്‍ ചാര്‍ജ്ജ്‌ എന്ന പേരിലുള്ള സര്‍വ്വീസ്‌ ചാര്‍ജ്ജ്‌ കൂടി ടിക്കറ്റില്‍ ഉള്‍പ്പെടുത്താനാണ്‌ തീരുമാനം.

ആഗസ്റ്റ്‌ മുപ്പത്‌ മുതല്‍ നല്‍കുന്ന ഡിസംബര്‍ ഒന്നു മുതലുള്ള യാത്രാ ടിക്കറ്റുകളില്‍ അധിക തുക നല്‍കേണ്ടി വരും. വിവിധ എയര്‍ലൈനുകള്‍ ഇതു സംബന്ധിച്ച സര്‍ക്കുലര്‍ അയച്ചതായി ഖത്തറിലെ ട്രാവല്‍ ഏജന്‍സികള്‍ പറഞ്ഞു.

ഇതിനുപുറമെ ഖത്തറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്‌ ദോഹ വഴി യാത്ര ചെയ്യുന്ന ട്രാന്‍സിറ്റ്‌ യാത്രക്കാരില്‍ നിന്നും ഒരുമണിക്കൂര്‍ ഹമദ്‌ വിമാനത്താവളത്തില്‍ കഴിച്ചു കൂട്ടുന്നവരും സര്‍വ്വീസ്‌ ചാര്‍ജ്ജ്‌ നല്‍കേണ്ടി വരും.