ഗള്‍ഫ് നാടുകളില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പ്രിയം കുറയുന്നു;അവസരങ്ങള്‍ പാക്കിസ്ഥാനി, ബംഗ്ലാദേശുകാര്‍ക്ക്

ദില്ലി: ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രിയം കുത്തനെ കുറയുന്നതായി റിപ്പോര്‍ട്ട്. ഗള്‍ഫിലെ സ്‌പോണ്‍സര്‍മാര്‍ കൂടുതല്‍ താല്പര്യപ്പെടുന്നത് പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ തൊഴിലാളികളെയാണ്. 2015 ല്‍ ഗള്‍ഫില്‍ പ്രവാസി തൊഴില്‍ ശക്തിയില്‍ 37 ശതമാനം ഇന്ത്യക്കാരായിരുന്നു. പാക്കിസ്ഥാന്‍ 44 ശതമാനവും ബംഗ്ലാദേശ് 19 ശതമാനവുമായിരുന്നു. എന്നാല്‍ 2017 ലെ പുതിയ കണക്കു പ്രകാരം ആദ്യ മൂന്നു മാസങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് 51 ശതമാനം തൊഴിലാളികളെ അയച്ച് ബംഗ്ലാദേശ് മുന്നിലെത്തിയിരിക്കുകാണ്.

2014 ല്‍ നടപ്പില്‍ വരുത്തിയ മിനിമം റെഫറല്‍ വേജസ് പദ്ധതിയും 2015 ലെ ഇ മെഗ്രേറ്റ് പരിപാടിയും ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ സങ്കീര്‍ണമാക്കിയെന്നാണ് സ്‌പോണ്‍മാരുടെ പരാതി.

ഗള്‍ഫ് രാജ്യങ്ങളില്‍ 50 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ജേലി ചെയ്യുന്നത്. ഇതില്‍ തന്നെ കൂടുതലും നിര്‍മാണം, വ്യവസായം, ഗതാഗത, സര്‍വീസ് മേഖലകളില്‍ ജോലി ചെയ്യുന്നവരാണ്. അതെസമയം ഈ മേഖലകളിലെ സ്‌പോണ്‍സര്‍മാര്‍ വിവരസാങ്കേതികവിദ്യ അത്രത്തോളം ഉപയോഗിക്കുന്നവരല്ലെന്നും വിവരങ്ങള്‍ ഓണ്‍സൈന്‍ പ്രസിദ്ധീകരിക്കണമെന്നും നിര്‍ബന്ധം പിടിക്കാനാകില്ലെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടു തന്നെ ഇത്തരം നിയന്ത്രണങ്ങളൊന്നുമില്ലാത്ത പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അവര്‍ ആളുകളെ റിക്രൂട്ടുചെയ്യാന്‍ താല്പര്യപ്പെടുത്തുന്നത്.

ഇതുവരെയുള്ള ലോകബാങ്കിന്റെ കണക്കുപ്രകാരം വിദേശത്തുനിന്നുളള പണമൊഴുക്കിന്റെ കാര്യത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും തുകയില്‍ കുറവുവന്നിട്ടുണ്ട്. 2014 വിദേശത്തു നിന്ന് പ്രവസികള്‍ ഇന്ത്യയിലേക്ക് 69.6 ബില്യണ്‍ ഡോളറാണ് അയച്ചിരുന്നത്. എന്നാല്‍ 2015 ല്‍ ഇത് 68.9 ബില്യണ്‍ ഡോളറായി. 2016 ല്‍ ഇത് 62.7 ബില്യണായും കുറഞ്ഞിരിക്കുകയാണ്.