ഗാസ്‌ ടാങ്കര്‍ അപകടം: ഡ്രൈവര്‍ ഉറങ്ങിപ്പോയത്‌ കാരണം

Story dated:Friday July 17th, 2015,04 44:pm
sameeksha sameeksha

kottakkalനിയമാനുസൃതം രണ്ട്‌ ഡ്രൈവര്‍മാര്‍ ഉണ്ടായിരുന്നില്ല
മലപ്പുറം-കോഴിക്കോട്‌ റൂട്ടില്‍ എടരിക്കോട്‌ ഗാസ്‌ ടാങ്കര്‍ മറിഞ്ഞത്‌ ഡ്രൈവര്‍ ഉറങ്ങിപ്പോയത്‌ കൊണ്ടാണെന്ന്‌ സാഹചര്യതെളിവുകള്‍ സൂചിപ്പിക്കുന്നതായി ആര്‍.ടി.ഒ അറിയിച്ചു. എറണാകുളത്ത്‌ നിന്നും മംഗലാപുരത്തേയ്‌ക്ക്‌ പോകുകയായിരുന്ന ടി.എന്‍.46 കെ 7499 ടാങ്കറാണ്‌ 17 ന്‌ പുലര്‍ച്ചെ 3.20 ന്‌ എടരിക്കോട്‌ കഴിഞ്ഞ്‌ 300 മീറ്ററിന്‌ ശേഷം അപകടത്തില്‍പ്പെട്ടത്‌.
വാഹനം റോഡിന്റെ ഇടത്‌ വശത്ത്‌ നിന്നും വലത്‌ വശത്തേയ്‌ക്ക്‌ 50 മീറ്ററോളം പോയി പാലത്തിന്റെ മതിലില്‍ ഇടിച്ച്‌ ഏകദേശം 10 മീറ്റര്‍ താഴ്‌ച്ചയിലേക്ക്‌ മറിഞ്ഞു. ഡ്രൈവര്‍ വാഹനത്തിന്റെ വേഗത കുറയ്‌ക്കാന്‍ ബ്രേക്ക്‌ ചെയ്‌തിട്ടില്ല. റോഡില്‍ ടയര്‍മാര്‍ക്ക്‌ ഒന്നും കാണുന്നില്ല. വാഹനം വലത്‌ വശത്തേയ്‌ക്ക്‌ നീങ്ങി പോകുമ്പോള്‍ സ്റ്റിയറിങ്‌ തിരിച്ച്‌ വാഹനം റോഡിന്റെ ഇടത്‌ വശത്തേയ്‌ക്ക്‌ കൊണ്ട്‌ വരാനുള്ള ശ്രമവും ഡ്രൈവറുടെ ഭാഗത്ത്‌ നിന്നുണ്ടായിട്ടില്ല. വാഹനം റോഡില്‍ നിന്നും താഴേക്ക്‌ മറിയുന്നത്‌ വരെ വാഹനത്തിന്റെ വേഗത കുറഞ്ഞില്ലെന്നത്‌ വാഹനം പൂര്‍ണമായും തകര്‍ന്നതില്‍ നിന്നും മനസിലാക്കാം. ഡ്രൈവര്‍ ഉറങ്ങിപ്പോയത്‌ കൊണ്ടാണ്‌ അപകടമുണ്ടായതെന്ന്‌ ഈ സാഹചര്യതെളിവുകള്‍ സൂചിപ്പിക്കുന്നു.
നാഷനല്‍ പെര്‍മിറ്റുള്ള അപകടകരമായ (ഹസാഡസ്‌) ഗുഡ്‌സ്‌ കൊണ്ടുപോകുന്ന വാഹനത്തിന്‌ നിയമാനുസൃതമായി രണ്ട്‌ ഡ്രൈവര്‍മാര്‍ നിര്‍ബന്ധമാണ്‌. പക്ഷെ ഈ വാഹനത്തില്‍ ഒരു ഡ്രൈവര്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഡ്രൈവര്‍ എത്ര സമയം തുടര്‍ച്ചയായി വാഹനം ഓടിച്ചുവെന്നുള്ളതും കണ്ടെത്തേണ്ടതാണ്‌. വാഹനത്തിന്റെ ഇന്‍ഷുറന്‍സ്‌-പെര്‍മിറ്റ്‌ രേഖകളും ഡ്രൈവറുടെ ലൈസന്‍സും നിശ്ചിത സമയം തന്നെ പുതുക്കിയതാണെന്നും തൃപ്‌തികരമാണെന്നും കണ്ടെത്തി.