സേവിംഗ് ഫുഡ് പദ്ധതിയിലൂടെ 16,000 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു

ദോഹ: ശൈഖ് ഈദ് ചാരിറ്റിയുടെ കീഴിലുള്ള ‘ഹിഫ്ദ് അല്‍നഅ്മ’ (സേവിംഗ് ഫുഡ്) പദ്ധതിയിലൂടെ 16,000 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. ഈ പദ്ധതിയിലൂടെ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായാണ് ഇത്രയും പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തത്. ഉപയോഗിക്കാതെ പാഴായി പോകുന്ന പാചകം ചെയ്ത ഭക്ഷണവും പാചകം ചെയ്യാത്ത ഇറച്ചി, കോഴി, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ ഭക്ഷണ സാധനങ്ങളും ശേഖരിച്ച് ആവശ്യക്കാര്‍ക്ക് ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ ശുചിത്വത്തോടെ വിതരണം ചെയ്യാനായി ഈദ് ചാരിറ്റി നടപ്പാക്കി വരുന്ന പദ്ധതിയാണ് സേവിംഗ് ഫുഡ് പദ്ധതി. വിവിധ പാര്‍ട്ടികളിലും ഹോട്ടലുകളിലും വന്‍തോതില്‍ ഭക്ഷണം ഉപയോഗിക്കാതെ ബാക്കി വരുന്നത് സേവിംഗ് ഫുഡ് അധികൃതരെ അറിയിച്ചാല്‍ അവര്‍ എത്തി അത് ശേഖരിക്കുകയും അവ വൃത്തിയായി പാക്കു ചെയ്ത് ആവശ്യക്കാര്‍ക്ക് എത്തിക്കുകയും ചെയ്യും.
ഈ പദ്ധതിയിലൂടെ സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബങ്ങള്‍, വിധവകള്‍, അനാഥകള്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് പാചകം ചെയ്ത ഭക്ഷണ സാധനങ്ങളുടെ 26,470 പാക്കറ്റുകളും 1,660 കാര്‍ട്ടണ്‍ പച്ചക്കറികളും 66 കാര്‍ട്ടണ്‍ മറ്റു ഭക്ഷ്യ വസ്തുക്കളും 59 ആടുകളേയും 270 കിലോഗ്രാം ആട്ടിറച്ചിയും 170 കാര്‍ട്ടണ്‍ കോഴിയിറച്ചിയും 158 കാര്‍ട്ടണ്‍ മക്രോണ, 450 കിലോഗ്രാം പഞ്ചസാര, 16 ചാക്ക് അരി, 128 ടിന്‍ ഭക്ഷ്യയെണ്ണ, 100 കാര്‍ട്ടണ്‍ പാല്‍, 50 കാര്‍ട്ടണ്‍ പലഹാരങ്ങള്‍, 315 കാര്‍ട്ടണ്‍ ഈത്തപ്പഴം, കാര്‍ട്ടണ്‍ കണക്കിന് പിസ എന്നിവയാണ് വിതരണം ചെയ്തത്.
ഏറെ പേര്‍ ഈ പദ്ധതിയുമായി സഹകരിക്കുന്നതായി സേവിംഗ് ഫുഡ് പദ്ധതി അധികൃതര്‍ അറിയിച്ചു. മൂന്നു ഉദാരമതികള്‍ 1,650 പായ്ക്ക് ഭക്ഷണം സ്ഥിരമായി ഈ പദ്ധതിയിലേക്ക് സംഭാവന ചെയ്യുന്നുണ്ട്. ഇതില്‍ ഒരാള്‍ പ്രതിദിനം 1,000 പായ്ക്കറ്റുകളും മറ്റൊരാള്‍ 500 പായ്ക്കറ്റുകളും മൂന്നാമത്തെയാള്‍ 150 പായ്ക്കറ്റുകളും സ്ഥിരമായി നല്‍കുന്നുണ്ട്.