നിയമസഭാ തെരഞ്ഞെടുപ്പ്‌; പത്രികസമര്‍പ്പണം ഇന്നുകൂടി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികസമര്‍പ്പണം വെള്ളിയാഴ്‌ച പൂര്‍ത്തിയാകും. ഉച്ചയ്‌ക്ക്‌ ശേഷം മൂന്ന്‌ മണിവരെയാണ്‌ പത്രിക സ്വീകരിക്കുക. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ ബാബു, ഒ. രാജഗോപാല്‍ തുടങ്ങിയവര്‍ ഇന്ന് പത്രിക സമര്‍പ്പിക്കും.

ഇതുവരെ 912 പത്രികകളാണ് വിവിധ ജില്ലകളിലായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിച്ചിരിക്കുന്നത് മലപ്പുറത്താണ്. 128 എണ്ണം. കുറവ് പത്തനംതിട്ടയിലും, 23.

പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. മെയ് രണ്ടാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. അന്ന് തന്നെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ അവസാന ചിത്രം വ്യക്തമാകും. പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞ ശേഷം സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിക്കും.