പത്താംതരം തുല്യത; ഖത്തറില്‍ 92 ശതമാനം വിജയം

Doha-Qatarദോഹ: സംസ്ഥാന സര്‍ക്കാറിന്റെ പത്താംതരം തുല്യതാ പരീക്ഷയില്‍ ഖത്തറില്‍ നിന്ന് പരീക്ഷ എഴുതിയ 26ല്‍ 23 പേര്‍ വിജയം വരിച്ചതായി  കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാനും തുല്യത പരീക്ഷ ബോര്‍ഡംഗവുമായ സലിം കുരുവമ്പലം, തുല്യതാ പരീക്ഷാ ബോര്‍ഡ് അംഗം അഡ്വ. എ എ റസാക്ക് എന്നിവര്‍ അറിയിച്ചു. പാസ്സായവരെ അനുമോദിക്കാന്‍ ഇന്ന് വൈകിട്ട് ഏഴരയ്ക്ക് കെ എം സി സി ഹാളില്‍ നടക്കുന്ന വിജയോത്സവം പരിപാടിയില്‍ പങ്കെടുക്കാന്‍ ഖത്തറിലെത്തിയതായിരുന്നു ഇരുവരും.
അറുന്നൂറില്‍ 422 മാര്‍ക്കാണ് ഖത്തറിലെ പഠിതാക്കളില്‍ ഏറ്റവും ഉയര്‍ന്നത്.
ആദ്യ രണ്ട് സ്ഥാനങ്ങള്‍ വനിതാ പഠിതാക്കളാണ് കരസ്ഥമാക്കിയത്.
തുല്യതാ പരീക്ഷയുടെ പുതിയ ബാച്ച് ജനുവരിയോടെ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം ഖത്തറില്‍ 34 പേര്‍ പഠനത്തിനായി റജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഈ വര്‍ഷം 25ല്‍ താഴെയാണ് തുല്യതാ പരീക്ഷയ്ക്ക് റജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം.
അതുകൊണ്ടുതന്നെ കൂടുതല്‍ പേരെ റജിസ്റ്റര്‍ ചെയ്യിക്കാനും പരീക്ഷയെഴുതി സര്‍ട്ടിഫിക്കറ്റ് നേടാനും സന്നദ്ധ സംഘടനകള്‍ ഗൗരവത്തില്‍ നടപടികള്‍ ആവിഷ്‌ക്കരിക്കണമെന്ന് സാക്ഷരതാ മിഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
കൂടുതല്‍ പേരെ പഠനത്തിലേക്ക് ആകര്‍ഷിക്കാനായി പഠിതാക്കളെ സംഘടനകള്‍ക്ക് ദത്തെടുക്കാമെന്നും അവര്‍ പറഞ്ഞു. സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന വര്‍ക്ക് ഇത് വലിയ അനുഗ്രഹമായിരിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
രജിസ്‌ട്രേഷന്‍ സമയം കഴിഞ്ഞെങ്കിലും കൂടുതല്‍ ആളുകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ സമയം ദീര്‍ഘിപ്പിക്കാന്‍ സാക്ഷരതാ മിഷന്‍ തയ്യാറാകും. പത്താം തരം തുല്യതാ പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡി റിംഗ് റോഡ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപത്തെ നാഷണല്‍ എഡുക്കേഷന്‍ സെന്ററുമായി നേരട്ടോ44663106 നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
ഖത്തറിനെ അപേക്ഷിച്ച് യു എ ഇയിലാണ് കൂടുതല്‍ പേര്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്.
കേരളത്തില്‍ ഇതുവരെ ഒന്നര ലക്ഷത്തിലേറെ പേര്‍ റജിസ്റ്റര്‍ ചെയ്തതില്‍ ഒരുലത്തിലേറെ ആളുകള്‍ വിജയം നേടിയിട്ടുണ്ട്.
ഗള്‍ഫ് മേഖലയില്‍ ഖത്തറിലും യു എ ഇയിലും മാത്രമാണ് ഇപ്പോള്‍ പരീക്ഷാ കേന്ദ്രങ്ങളുള്ളത്.
ബഹ്‌റൈന്‍, സഊദി എന്നിവിടങ്ങളില്‍ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള ആലോചനയിലാണെന്നും ബഹ്‌റൈനില്‍ നിന്ന് നിരവധി പേര്‍ അന്വേഷണം നടത്തുന്നുണ്ടെന്നും സലിം കുരുവമ്പലവും അഡ്വ. എ എ റസാക്കും പറഞ്ഞു.
പത്താം തരം തുല്യതയ്ക്ക് ശേഷം പ്ലസ് ടു തുല്യതയ്ക്ക് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. ഇതിനായി കരിക്കുലം ശില്‍പശാല നടത്തുകയും ടെക്സ്റ്റ് പുസ്തകങ്ങളുടെ ഉള്ളടക്കം തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. 2014ല്‍ പ്ലസ് ടു തുല്യത ആരംഭിക്കും.
പത്രസമ്മേളനത്തില്‍ എസ് എ എം ബഷീര്‍, അബ്ദുന്നാസര്‍ നാച്ചി എന്നിവരും പങ്കെടുത്തു.