സര്‍ക്കാരിന്റേയും കായിക പ്രേമികളുടേയും പിന്തുണ ലഭിച്ചാല്‍ കായിക താരങ്ങള്‍ക്ക്‌ ഗുണം ചെയ്യും;പി ടി ഉഷ

usha_1584292fദോഹ: തന്റെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍കൊണ്ടായിരിക്കണം ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് നിന്നുപോകരുതെന്ന് ദൈവം പോലും വിചാരിക്കുന്നുണ്ടാവുകയെന്ന് ഇന്ത്യകണ്ട എക്കാലത്തേയും മികച്ച അത്‌ലറ്റ് പി ടി ഉഷ. പ്രഥമ ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ജിസ്‌ന മാത്യുവിനോടൊപ്പം ഖത്തറിലെത്തിയ പി ടി ഉഷ ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ പങ്കെടുക്കുകയായിരുന്നു.
അത്‌ലറ്റിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നവര്‍ കൂടി ഉള്‍പ്പെടുന്ന നിരവധി പ്രഗത്ഭ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്ന ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന് അധികാരികളില്‍ നിന്ന്ഉള്‍പ്പെടെ വലിയ സഹായങ്ങള്‍ ലഭിച്ചിട്ടില്ല. സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ പോലും പ്രയാസം നേരിട്ടിട്ടും അത്‌ലറ്റിക്‌സ് രംഗത്ത് വലിയ താരനിരയെ സൃഷ്ടിക്കാന്‍ സ്‌കൂളിന് സാധിച്ചിട്ടുണ്ട്. ടിന്റു ലൂക്ക, ജസി ജോസഫ്, ഷഹര്‍ബാന്‍ സിദ്ദീഖ്, ജിസ്‌ന മാത്യു, ശില്‍പ, അശ്വതി മോഹന്‍ തുടങ്ങിയവര്‍ ഈ രംഗത്തെ മുന്‍നിരക്കാരാണ്.
സര്‍ക്കാരിന്റേയും കായിക പ്രേമികളുടേയും പിന്തുണ ലഭിക്കുകയാണെങ്കില്‍ കായിക താരങ്ങള്‍ക്ക് അത് ഗുണം ചെയ്യുമെന്ന് പി ടി ഉഷ പറഞ്ഞു. ഉഷ സ്‌കൂളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഒരു കുട്ടിയുടെ ആദ്യ ചെലവുകള്‍ പോലും ഒരു ലക്ഷം രൂപയിലാണ് തുടങ്ങുന്നത്. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നതിന് പകരം കുട്ടികളെ പരിശീലിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞാല്‍ ഇനിയും മികച്ച ഫലങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും പി ടി ഉഷ പറഞ്ഞു.
വരാനിരിക്കുന്ന ഒളിംപിക്‌സില്‍ സ്വര്‍ണ്ണ മെഡലുകള്‍ നേടാന്‍ കോടികള്‍ ചെലവഴിച്ചുള്ള പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്കിയിട്ടുള്ളത്. എന്നാല്‍ പ്രസ്തുത പദ്ധതിയിലെ പട്ടികയില്‍ ടിന്റുലൂക്കയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. ഏഷ്യയില്‍ മികച്ച പ്രകടനവും 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ 11-ാം സ്ഥാനവും നേടിയ ടിന്റു ലൂക്കയെ സര്‍ക്കാര്‍ പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും പി ടി ഉഷ പറഞ്ഞു. ഒളിംപിക്‌സില്‍ മികച്ച പ്രകടനം നടത്തിയതിനെ തുടര്‍ന്ന് ഏഷ്യന്‍ ഗ്രാന്റ് പ്രിക്‌സിലേക്ക് ക്ഷണം വന്നപ്പോള്‍ ടിന്റുവിനെ അയക്കാന്‍ അത്‌ലറ്റിക് അസോസിയേഷന്‍ തയ്യാറായില്ലെന്നും ഉഷ പറഞ്ഞു. ഫെഡറേഷന്‍ മീറ്റില്‍ ടിന്റു ഓടിയില്ലെന്ന കാരണം പറഞ്ഞാണ് അന്ന് അവര്‍ ടിന്റു ലൂക്കയെ ഏഷ്യന്‍ ഗ്രാന്റ് പ്രിക്‌സിന് അയക്കാതിരുന്നതെന്നും പി ടി ഉഷ ചൂണ്ടിക്കാട്ടി.
പതിനാറ് വയസ്സു മാത്രമുള്ള ജിസ്‌ന മാത്യു സീനിയര്‍ മീറ്റില്‍ ഉള്‍പ്പെടെ മത്സരിച്ചിട്ടുണ്ടെങ്കിലും ഇന്റര്‍നാഷണല്‍ തലത്തില്‍ ആദ്യമായി മത്സരിക്കുന്നത് ദോഹയിലാണ്. മറ്റ് ഇടപെടലുകളുണ്ടായില്ലെങ്കില്‍  ജിസ്‌നയും ടിന്റുവും ഉള്‍പ്പെടുന്നവര്‍ ഇന്ത്യയുടെ റിലേ ടീമിലുണ്ടാകും. നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അത്‌ലറ്റിക് ഫെഡറേഷന്‍ പലപ്പോഴും തഴയുന്ന സ്വഭാവം കാണിക്കുന്നുണ്ട്.
ഇന്ത്യയില്‍ കളി മികവ് കാണിച്ചാലും പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ വളരെ പിശുക്കാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ഖത്തറില്‍ മികവ് പ്രകടിപ്പിക്കുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാര്‍ മികച്ച ശ്രദ്ധ ചെലുത്തുന്നുണ്ട്. താന്‍ ഓടിയിരുന്ന കാലത്ത് ഖത്തറില്‍ തലാല്‍ മന്‍സൂര്‍ മാത്രമാണ് പേരെടുത്തിരുന്നതെങ്കില്‍ വരുംകാലത്ത് ഇവിടെ നിന്നും നിരവധി താരങ്ങള്‍ ഉദയം ചെയ്യുമെന്നും പി ടി ഉഷ പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ മൂന്നുനാല് വര്‍ഷങ്ങളായി താന്‍ തുടര്‍ച്ചയായി ദോഹയിലെത്താറുണ്ടെന്നും ഉഷ പറഞ്ഞു.
ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ ക്വാളിഫിക്കേഷന്‍ ഏറെ കടുത്തത് ആയതിനാല്‍ മത്സരവും മികച്ച നിലവാരമാണ് പുലര്‍ത്തുന്നത്. ഇന്ത്യന്‍ ടീമില്‍ പോലും 22 അംഗങ്ങള്‍ മാത്രമായതിന് കാരണം ക്വാളിഫിക്കേഷനിലെ കടുപ്പമാണെന്നും ഉഷ ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ എന്തുചെയ്താലും വിവാദങ്ങളിലാണ് അവസാനിക്കുക. ആരും പോസിറ്റീവായി പ്രതികരിക്കാറില്ല. കുറേ നല്ല കാര്യങ്ങള്‍ ചെയ്താലും അതിന്റെ മൂലിയിലുള്ള ഏതെങ്കിലും ചെറിയ പ്രശ്‌നമാണ് വലുതായി ഉയര്‍ത്തിക്കാട്ടാറുള്ളത്. കേരളത്തില്‍ നടന്ന ഗെയിംസിലുണ്ടായ വിവാദവും അത്തരത്തിലുള്ളതാണ്. തിരുവനന്തപുരത്തു നടന്ന അത്‌ലറ്റിക്‌സിന് ഒരുക്കിയ സംവിധാനങ്ങളും ഗെയിംസ് വില്ലേജും ഭക്ഷണവുമെല്ലാം കുഴപ്പമില്ലാത്തതായിരുന്നുവെന്നും ഉഷ പറഞ്ഞു.
ആലപ്പുഴ സായിയില്‍ കുട്ടികള്‍ വിഷക്കായ കഴിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തനിക്കറിയില്ലെന്നും പി ടി ഉഷ പറഞ്ഞു. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇന്ത്യയില്‍ അത് തുറന്നു പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അതിനുള്ള വില്‍പവറാണ് കാണിക്കേണ്ടതെന്നും പി ടി ഉഷ ചൂണ്ടിക്കാട്ടി.
യൂറോപ്പിലൊഴികെ കായിക ഇനങ്ങള്‍ കാണാന്‍ കാണികളുണ്ടാവില്ലെന്ന ദുരവസ്ഥയുണ്ട്. അത് മാറ്റിയെടുക്കാന്‍ സാധിക്കണമെന്നും താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സ്റ്റേഡിയത്തില്‍ ആളുകളുണ്ടാവണമെന്നും ഉഷ ആവശ്യപ്പെട്ടു. കാണികളാണ് മത്സരിക്കുന്ന താരങ്ങള്‍ക്ക് കരുത്ത് പകരുന്നത്. ഖത്തറിലുള്ള മലയാളികള്‍ തങ്ങളുടെ നാട്ടുകാരെ പ്രോത്സാഹിപ്പിക്കാന്‍ സ്റ്റേഡിയത്തിലെത്തിയാല്‍ നന്നായിരിക്കുമെന്നും പി ടി ഉഷ അഭ്യര്‍ഥിച്ചു.
ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് പ്രദീപ് മേനോന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാദിഖ് ചെന്നാടന്‍ സ്വാഗതവും കെ മുജീബുര്‍റഹ്മാന്‍ നന്ദിയും പറഞ്ഞു.