ദോഹയില്‍ ജീവനക്കാരുടെ വൈദ്യപരിശോധന അടുത്ത ആഴ്ച മുതല്‍

Story dated:Tuesday September 20th, 2016,02 03:pm

ദോഹ: പെരുന്നാള്‍ അവധിക്ക് ശേഷം കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ച മെഡിക്കല്‍ പരിശോധന കേന്ദ്രത്തിലെ തിരക്ക് കാരണം കമ്പനി ജീവനക്കാരുടെ പരിശോധന അടുത്ത ആഴ്ച മുതലേ ആരംഭിക്കുകയുള്ളൂ. ഞായറാഴ്ച മാത്രം 3500 ആളുകളാണ് മെഡിക്കല്‍ പരിശോധനക്ക് വിധേയരായത്. പുതിയ വിസയില്‍ വന്നവര്‍ തുടങ്ങി നിരവധി ആളുകളാണ് മെഡിക്കല്‍ പരിശോധന നടത്താനാകാത തിരിച്ച് പോയത്. ഒമ്പത് ദിവസത്തെ പെരുന്നാള്‍ അവധി കഴിഞ്ഞ് കഴിഞ്ഞ ഞായറാഴ്ചയാണ് ഗവണ്‍മെന്‍്റ് സെക്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

മെഡിക്കല്‍ പരിശോധക കേന്ദ്രത്തിലെ തിരക്ക് പരിഗണിച്ച് ചില നിയന്ത്രണങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് കേന്ദ്രം മേധാവി ഡോ.ഇബ്രാഹീം അശ്ശയര്‍ വ്യക്തമാക്കി. കമ്പനികള്‍ തങ്ങളുടെ ജീവനക്കാരുടെ മെഡിക്കല്‍ പരിശോധനക്ക് വേണ്ടി നിര്‍ബന്ധിത സമയം നേരത്തെ തന്നെ ബന്ധപ്പെട്ട സെക്ഷനില്‍ നിന്ന് കൈപറ്റിയിരിക്കണം. അവര്‍ക്ക് അനുവദിച്ച സമയമാകുമ്പോള്‍ മാത്രം പരിശോധനക്ക് എത്തിയാല്‍ മതിയെന്നും ഡോ. ഇബ്രാഹീം അറിയിച്ചു. പുതിയ സവിധാനങ്ങള്‍ നടപ്പിലാകിയതോടെ ഒരാള്‍ക്ക് 45 മിനിറ്റ് കൊണ്ട് എല്ലാ പരിശോധനയും അവസാനിപ്പിച്ച് തിരിച്ച് പോകാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.