ദോഹയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക്‌ വധ ശിക്ഷ

ദോഹ: യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക്‌ വധ ശിക്ഷ വിധിച്ചു. ഇവരുടെ അടുത്ത ബന്ധുവായ പ്രതി ഇടക്ക്‌ വീട്ടില്‍ വരുന്നത്‌ ഭര്‍ത്താവ്‌ വിലക്കിയിരുന്നു. ഇതിന്റെ പേരില്‍ ചില സമയങ്ങളില്‍ വാക്‌ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ പ്രതികാരത്തെ തുടര്‍ന്നാണ്‌ യുവതിയെ കൊലപ്പെടുത്താന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്നാണ്‌ കോടതി കണ്ടെത്തിയത്‌. കീഴ്‌കോടതിയുടെ വിധി അപ്പീല്‍കോടതി ശരിവെക്കുകയായിരുന്നു.

കൊല്ലപ്പെട്ട യുവതിയുടെ കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നത്‌ വരെ പ്രതിയെ ജയിലിലടക്കാനും പ്രായപൂര്‍ത്തിയായതിന്‌ ശേഷം ഇസ്ലാമിക ശരീഅത്ത്‌ അനുസരിച്ച്‌ അവര്‍ വിട്ട്‌ വീഴ്‌ച ചെയ്യാന്‍ വിസമ്മതിക്കുന്ന പക്ഷം വധശിക്ഷ നടപ്പിലാക്കാനുമാണ്‌ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്‌. യുവതിയെ വധിക്കുക എന്ന ലക്ഷ്യത്തോടെ പ്രതി നിരവധിതവണ ഇവരുടെ വീട്ടിലെത്തിയിരുന്നതായി പ്രോസിക്ക്യൂഷന്‍ കണ്ടെത്തിയിരുന്നു. ഭര്‍ത്താവ്‌ പുറത്തുപോയ സമയം മനസിലാക്കി വീടിനകത്ത്‌ കയറിയ പ്രതി യുവതിയെ പിന്നില്‍ നിന്ന്‌ കുത്തിവീഴ്‌ത്തി ശ്വാസം മുട്ടിച്ച്‌ കൊല്ലുകയും പിന്നീട്‌ ശരീരത്തില്‍ പലഭാഗങ്ങളില്‍ കുത്തുകയുമായിരുന്നു.