കോര്‍ണേഷന്‍ തീരം ശുചിയാക്കല്‍;ബോട്ടുകള്‍ നീക്കം ചെയ്‌തു

download (5)ദോഹ: കോര്‍ണിഷ് തീരം ശുചിയാക്കുന്നതിന്റെ ഭാഗമായി ഉടമകള്‍ ഉപേക്ഷിച്ചതും ദീര്‍ഘകാലമായി നിര്‍ത്തിയിട്ടതുമായ ബോട്ടുകള്‍ അധികൃതര്‍ നീക്കം ചെയ്തു.

മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി ആന്റ് അര്‍ബന്‍ പ്ലാനിംഗ്, തീര- അതിര്‍ത്തി രക്ഷാവിഭാഗം, നാച്ചുറല്‍ പ്രിസര്‍വേഷന്‍ സെക്ഷന്‍ എന്നിവ സംയുക്തമായാണ് നീക്കം ചെയ്യല്‍ പരിപാടി നടത്തിയത്.

കോര്‍ണിഷില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ഏഴ് വലിയ വള്ളങ്ങളും ആറ് ബോട്ടുകളും നീക്കം ചെയ്തതായി പ്രാദേശിക അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു.

കോര്‍ണിഷിന്റെ സൗന്ദര്യം സംരക്ഷിക്കാനും കടല്‍ മലിനമാകുന്നത് തടയാനുമാണ് അനാവശ്യമായ ബോട്ടുകള്‍ നീക്കം ചെയ്തതെന്ന് അധികൃതര്‍ വിശദീകരിച്ചു.

കടലും പരിസ്ഥിതിയും സംരക്ഷിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും മലിനീകരണത്തിന് കാരണമാകുന്ന എല്ലാ വസ്തുക്കളും ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും പ്രകൃതി സംരക്ഷണ വിഭാഗം ഡയറക്ടര്‍ സാലഹ് ഹസ്സന്‍ അല്‍ കുവാരി പറഞ്ഞു.

നഗരത്തിന്റെ മുഖമെന്ന നിലയില്‍ കോര്‍ണിഷിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

രാത്രികാലങ്ങളില്‍ ശരിയായ വെളിച്ചമില്ലാതെ മറ്റു ബോട്ടുകള്‍ക്ക് യാത്ര തടസ്സമാകുന്ന വിധത്തില്‍ നിര്‍ത്തിയിട്ട ബോട്ടുകളും അധികൃതര്‍ മാറ്റിയിട്ടുണ്ട്. ഇത് ആദ്യത്തേതോ അവസാനത്തേതോ കാംപയിനല്ലെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

കടലില്‍ നിന്നും എടുത്തു മാറ്റിയ ബോട്ടുകളുടെ ഉടമകളില്‍ നിന്നും പിഴ ഈടാക്കുന്നതോടൊപ്പം ഭാവിയില്‍ കോര്‍ണിഷില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്നും എഴുതിവാങ്ങും.

രാജ്യത്താകമാനമുള്ള കടല്‍ത്തീരങ്ങളും ദ്വീപുകളും ശുചീകരിക്കുന്നതിന്റെ ഭാഗമായി വര്‍ഷം മുഴുവന്‍ നടക്കുന്ന കാംപയിനിന്റെ ഭാഗമായാണ് കോര്‍ണിഷ് ശുചീകരണം പൂര്‍ത്തിയാക്കിയതെന്ന് മന്ത്രാലയത്തിന് കീഴിലെ ബീച്ച് ആന്റ് അയലന്റ് പ്രൊട്ടക്ഷന്‍ സെക്ഷന്‍ തലവന്‍ ഹമദ് അല്‍ റുമേതി പറഞ്ഞു.

കടലില്‍ അനാവശ്യമായി തള്ളിയിരിക്കുന്ന ഉപകരണങ്ങളും ബോട്ടുകളും മാലിന്യങ്ങളും എടുത്തുമാറ്റുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വാണെന്നും അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടത്തില്‍ പ്രദേശം നിരീക്ഷിക്കുകയും ഉപേക്ഷിച്ച ബോട്ടുകളും മറ്റുള്ളവയും കണ്ടെത്തിയാല്‍ അവയില്‍ നോട്ടീസ് പതിച്ച് ഉടമകള്‍ക്ക് മാറ്റാനുള്ള സമയം അനുവദിക്കുകയുമാണ് ചെയ്യുന്നത്.

ഒരാഴ്ച കാത്തുനിന്നതിനു ശേഷം ഉടമകളില്‍ നിന്നും യാതൊരു പ്രതികരണവുമുണ്ടായില്ലെങ്കില്‍ ബോട്ടുകള്‍ മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കും.

ഇത്തരത്തില്‍ ബോട്ടുകള്‍ പിടിച്ചെടുക്കുകയാണെങ്കില്‍ ഉടമ പിഴയടക്കേണ്ടി വരുമെന്ന് മാത്രമല്ല, ഇനിയൊരിക്കലും നിയമലംഘനം നടത്തില്ലെന്ന് അധികൃതര്‍ക്ക് എഴുതി നല്കുകയും വേണമെന്നും അല്‍ റുമേതി ചൂണ്ടിക്കാട്ടി.

പിടിച്ചെടുക്കുന്ന ബോട്ടുകളും വള്ളങ്ങളും വുഖൈറിലുള്ള മന്ത്രാലയത്തിന്റെ സ്‌ക്രാപ് യാര്‍ഡിലേക്കാണ് മാറ്റുക.

കോര്‍ണിഷ് ശുചീകരണ കാംപയിനില്‍ 17 മുങ്ങല്‍ വിദഗ്ധരാണ് പങ്കെടുത്തതെന്ന് തീര അതിര്‍ത്തി രക്ഷയിരെ സേര്‍ച്ച് ആന്റ് റസ്‌ക്യൂ വിഭാഗത്തിലെ ലഫ്റ്റനന്റ് ഈസ യാസിം അല്‍ ഫയാദ് പറഞ്ഞു.

ആഴത്തില്‍ പതിച്ച നങ്കൂരങ്ങള്‍ ഇളക്കിമാറ്റിയാണ് ഇവര്‍ ബോട്ടുകള്‍ എടുത്തുമാറ്റാനുള്ള പ്രവര്‍ത്തികളെ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.