ദോഹയില്‍ മൂന്ന്‌ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ സാമ്പത്തിക വ്യവസായ മന്ത്രാലയം പിഴ ചുമത്തി

dohaദോഹ: വില്‍പ്പനയിലെ പ്രമോഷന്‍ നിയമങ്ങള്‍ ലംഘിച്ച മൂന്ന് വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ സാമ്പത്തിക- വ്യവസായ മന്ത്രാലയം പിഴ ചുമത്തി. ലാന്റ്മാര്‍ക്ക് മാളിലെ മൂന്ന് കടകള്‍ക്കാണ് ആറായിരം റിയാല്‍ വീതം പിഴ ചുമത്തിയത്. മൂന്ന് സ്ഥാപനങ്ങളുടേയും പ്രമോഷന്‍ ലൈസന്‍സുകള്‍ റദ്ദ് ചെയ്തിട്ടുമുണ്ട്.

കുട്ടികളുടെ വസ്ത്രങ്ങള്‍ വില്‍പ്പന നടത്തുന്ന കടയില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് അവരുടെ ഡിസ്‌കൗണ്ട് വ്യാജമാണെന്ന് കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കടയില്‍ നിന്നും പ്രമോഷന്‍ ചിഹ്നങ്ങള്‍ എടുത്തുമാറ്റി.

കടകള്‍ക്കു നേരെ പിഴ ചുമത്തിയ വിവരം മന്ത്രാലയം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. 2008ലെ എട്ടാം നമ്പര്‍ നിയമത്തിന്റെ ഏഴാം ഖണ്ഡിക പ്രകാരമാണ് കടകള്‍ക്ക് പിഴ ചുമത്തിയത്.

ചില സ്ഥാപനങ്ങള്‍ പ്രമോഷനുകളും ആകര്‍ഷകമായ വിലക്കുറവുകളും പ്രഖ്യാപിച്ച് ഉപഭോക്താക്കള്‍ക്ക് നിലവാരം കുറഞ്ഞതോ കാലാവധി കഴിഞ്ഞതോ ആയ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിലക്കുറവിന്റെ പേരില്‍ ഉപഭോക്താക്കള്‍ ആവശ്യമില്ലാതിരുന്നിട്ടും സാധനങ്ങള്‍ വാങ്ങുകയാണ്. ഉപഭോക്താക്കള്‍ ഉത്പന്നങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ നിയന്ത്രണം പാലിക്കണമെന്നും വിവേചനബുദ്ധി ഉപയോഗിക്കണമെന്നും ഗള്‍ഫ് ടൈംസ് പ്രസിദ്ധീകരിച്ച മന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

പ്രമോഷനുകളും സെയിലുകളും ആരംഭിക്കുന്നതിന് മുമ്പ് വ്യാപാര സ്ഥാപനങ്ങള്‍ സാമ്പത്തിക- വാണിജ്യ മന്ത്രാലയത്തിന്റെ ഉപഭോക്തൃ സംരക്ഷ വിഭാഗത്തിലെ ക്വാണ്ടിട്ടേറ്റീവ് ലൈസന്‍സസ് ആന്റ് മാര്‍ക്കറ്റ് കണ്‍ട്രോള്‍സെക്ഷനില്‍ നിന്നും അനുമതിപത്രം നേടിയിരിക്കണം. പ്രമോഷനുകള്‍ക്കും സെയിലുകള്‍ക്കും അംഗീകാരം നല്കിയാല്‍ ഈ വിഭാഗം വിലനിലവാരം നിരീക്ഷിക്കും.

തെറ്റായ പ്രമോഷന്‍ വിവരങ്ങള്‍ നല്കി ഉപഭോക്താക്കളെ വഞ്ചിക്കാന്‍ ശ്രമിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സാമ്പത്തിക- വാണിജ്യ മന്ത്രാലയം ഇതിനുമുമ്പും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജനുവരിയില്‍ പത്ത് മാളുകളിലെ വിവിധ കടകളില്‍ നടത്തിയ പരിശോധനകളില്‍ 37 നിയമലംഘനങ്ങളാണ് കണ്ടെത്തിയിരുന്നത്. മന്ത്രാലയത്തിന്റെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങാതെ ഓഫറുകള്‍ പ്രഖ്യാപിച്ചതിനും ശരിയായ വിലയും പ്രൈസ് ടാഗിലെ വിലയും തമ്മില്‍ അന്തരമുണ്ടായതിനുമാണ് പിഴ ചുമത്തിയത്. ഇത്തരത്തില്‍ നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ അയ്യായിരം റിയാല്‍ വരെ പിഴ ചുമത്തുകയും പ്രമോഷന്‍ ലൈസന്‍സുകള്‍ റദ്ദാക്കുകയും ചെയ്തിരുന്നു.

ഖത്തറിലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം പ്രമോഷന്‍ കാലത്തെ വിലയും അതിനുമുമ്പുള്ള വിലയും ഉപഭോക്താവിന് അറിയാന്‍ അവകാശമുണ്ട്. ഉപഭോക്താക്കള്‍ക്ക് ഇനം തിരിച്ചുള്ള റസീപ്റ്റ് നല്കണമെന്ന് മാത്രമല്ല അതില്‍ ശരിയായ വിലയും ഡിസ്‌കൗണ്ട് വിലയും രേഖപ്പെടുത്തിയിരിക്കുകയും വേണം.

ഏതെങ്കിലും സ്ഥാപനങ്ങള്‍ നിയമലംഘനം നടത്തുന്നുണ്ടെന്ന് ഉപഭോക്താക്കള്‍ക്ക് സംശയം തോന്നുകയാണെങ്കില്‍ സാമ്പത്തിക- വാണിജ്യ മന്ത്രാലയത്തിലോ ടോള്‍ ഫ്രീ നമ്പറായ 8005000ലോinfo@mec.gov.qaയിലോ @MEC_Qatar ട്വിറ്റര്‍ അക്കൗണ്ടിലോ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.