Section

malabari-logo-mobile

നിലമ്പൂര്‍ കോണ്‍ഗ്രസ്സ് ഓഫീസിലെ കൊലപാതകം; ബലാത്സംഗത്തിനിടെ

HIGHLIGHTS : നിലമ്പൂര്‍ : നിലമ്പൂര്‍ കോണ്‍ഗ്രസ്സ് ഓഫീസില്‍ നടന്ന കൊലപാതകത്തില്‍ യുവതി മരിച്ചത് ക്രൂരമായി ബലാത്സംഗത്തിനിടെ എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്...

രാധ
രാധ

നിലമ്പൂര്‍ : നിലമ്പൂര്‍ കോണ്‍ഗ്രസ്സ് ഓഫീസില്‍ നടന്ന കൊലപാതകത്തില്‍ യുവതി മരിച്ചത് ക്രൂരമായി ബലാത്സംഗത്തിനിടെ എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. യുവതിയുടെ ജനനേന്ദ്രിയത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉള്ളതായും ശരീരമാസകലം മറ്റു മുറിവുകള്‍ ഉള്ളതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. രാധയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മാനഭംഗശ്രമം നടന്നതായി പോലീസ് പറയുന്നുണ്ട്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

സംഭവത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് ബിജു നായര്‍ (38), കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ ഷംസുദ്ദീന്‍ (29) എന്നിവരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നിലമ്പൂര്‍ കോവിലകത്തുമുറി ചിറക്കല്‍ വീട്ടില്‍ രാധ (49) കോണ്‍ഗ്രസ്സ് ഓഫീസിലെ തൂപ്പുകാരി ആയിരുന്നു. കഴിഞ്ഞ അഞ്ചാം തിയ്യതി മുതല്‍ ഇവരെ കാണാനില്ലായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് ഇവരെ അനേ്വഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ചുള്ളിയോട് ഉണ്ണികുളത്ത്കുളത്തില്‍ ഒരു മൃതദേഹം ഉള്ളതായി അറിഞ്ഞത്. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച രാവിലെ പോലീസ് മൃതദേഹം പുറത്തെടുത്തു. ഈ സമയത്ത് ബിജു നായര്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. ഉച്ചയോടെയാണ് പോലീസ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. രാത്രി വൈകിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

sameeksha-malabarinews
ബിജു നായര്‍
ബിജു നായര്‍

പാര്‍ട്ടി ഓഫീസില്‍ രാവിലെ 9 മണിയോടെ അടിച്ച് വാരാനെത്തിയ രാധയെ പത്ത് മണിയോടെ കഴുത്തു ഞെരിച്ച് കൊന്നതായാണ് പോലീസിന് നല്‍കിയ മൊഴി. തുടര്‍ന്ന് മറ്റ് മാലിന്യങ്ങളുടെ കൂടെ ചാക്കില്‍ കെട്ടി ഷംസുദ്ദീന്‍ ഓട്ടോയില്‍ കയറ്റി കൊണ്ടു പോയി കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ബിജുവിന്റെ അവിഹിത ബന്ധം വെളിപ്പെടുത്തുമെന്ന ഭയമാണ് യുവതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ശനിയാഴ്ച രാവിലെ കോണ്‍ഗ്രസ്സ് ഓഫീസിന് അകത്ത് വെച്ചാണ് കൊലപാതകം നടന്നതെന്ന് പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട രാധയുടെ ആഭരണങ്ങള്‍ ഷംസുദ്ദീനില്‍ നിന്ന് കണ്ടെത്തി. രാധയുടെ വസ്ത്രങ്ങള്‍ കത്തിച്ച് കളയുകയും ചെരിപ്പ് ഉപേക്ഷിക്കുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ അങ്ങാടിപ്പുറം വരെ കൊണ്ടു പോയി സിം ഊരിയശേഷം പലഭാഗങ്ങളിലായി വലിച്ചെറിഞ്ഞു.

കൊലപാതകത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന് മരിച്ച രാധയുടെ സഹോദരന്‍ ഭാസ്‌ക്കരന്‍ പറഞ്ഞു. സംഭവത്തില്‍ ഉന്നതതല അനേ്വഷണം നടത്തണമെന്നും ഭാസ്‌ക്കരന്‍ ആവശ്യപ്പെട്ടു. ഇതിനു മുമ്പും രാധയെ കൊലപ്പെടുത്താന്‍ ശ്രമമുണ്ടായതായും പറയപ്പെടുന്നുണ്ട്. അതേ സമയം പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കൂടാതെ തന്റെ പേഴ്‌സണല്‍ സ്റ്റാഫായ ബിജുവിനെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!