ബഹ്‌റൈനിലും ഖത്തറിലും ബന്ധങ്ങളുള്ള കുടുംബങ്ങള്‍ക്ക് പ്രത്യേക പരിഗണന

മനാമ: ബഹ്‌റൈനിലും ഖത്തറിലും ബന്ധങ്ങളുള്ള കുടുംബങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫാ ഉത്തരവിട്ടതായി ‘ഇന്‍സ്റ്റ്യുഷന്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ്’ സെക്രട്ടറി ജനറല്‍ ഇന്‍ചാര്‍ജ്ജ് ഡോ.ഖലീഫ ബിന്‍ അലി അല്‍ഫാദില്‍ വ്യക്തമാക്കി. ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചത് ഇരുരാജ്യങ്ങളിലുമായി കഴിയുന്ന കുടുംബങ്ങളെ ബാധിക്കരുതെന്നാണ് നിര്‍ദേശം.

വിവിധ ജി.സി.സി രാഷ്ട്രങ്ങളിലായി വേരുകളുള്ള നിരവധി കുടുംബങ്ങാളാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ അവര്‍തമ്മിലുള്ള ബന്ധത്തിന് കോട്ടം തട്ടുന്ന സാഹചര്യം ഉണ്ടാവില്ലെന്നും ഹമദ് രാജാവ് വ്യക്തമാക്കിയിട്ടുണ്ട്. മുനഷ്യാവകാശ സംരക്ഷണ മേഖലയില്‍ ബഹ്‌റൈന്‍ ഉന്നത നിലപാടാണ് സ്വീകരിക്കുന്നതെന്നും അദേഹം വ്യക്തമാക്കി. സാമ്പത്തിക, സാംസ്‌ക്കാരിക മേഖലകളിലെ പ്രത്യേകതകളും വ്യത്യസ്തകളും ഉള്‍ക്കൊണ്ടാണ് ബഹ്‌റൈന്‍ മുന്നോട്ടു പോകുന്നതെന്നും ഖലീഫ ബിന്‍ ഫാദില്‍ പറഞ്ഞു.

ജി.സി.സി രാഷ്ട്രങ്ങളിലെ കുടുംബങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടാതിരിക്കാന്‍ ബഹ്‌റൈന്‍ ജാഗ്രത പുലര്‍ത്തുമെന്നും അദേഹം വ്യക്തമാക്കി. ജനങ്ങളുടെ അവകാശങ്ങള്‍ ഇസ്ലാമിക നിയമ സംഹിതയും ബഹ്‌റൈനിലെ നിയമങ്ങളും പൂര്‍ണമായി ഉറപ്പുനല്‍കുന്നതാണ്.