ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് ആശ്വാസകരമാകുന്ന നടപടികള്‍ സ്വീകരിക്കും

മനാമ: പ്രവാസികളായ മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ജോര്‍ജ്ജ് വര്‍ഗീസ് എന്നിവര്‍ വ്യക്തമാക്കി. ഡിസംബര്‍ 12 ന് ഇപ്പോഴത്തെ പ്രവാസി കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റില് ഭവദാസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പ്രവാസി പ്രശ്‌നങ്ങളെ പറ്റി ചര്‍ച്ചകള്‍ നടന്നുവെന്നും ചില കാര്യങ്ങളില്‍ യോജിച്ച തീരുമാനത്തിലെത്താന്‍ സാധിച്ചു എന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജസ്റ്റിസ് ഭവദാസന്‍, ആസാദ് തിരൂര്‍, ബെന്യാമിന്‍, ഡോ.ഷംസീര്‍ വയലിന്‍ എന്നിവരാണ് കമ്മീഷനിലെ മറ്റംഗങ്ങള്‍. തിരുവനന്തപുരത്ത് തൈക്കാട്ട് ഗസ്റ്റ് ഹൗസിന് സമീപത്തുള്ള നോര്‍ക്കാ റൂട്‌സ് കെട്ടിടത്തിലെ ഏഴാമത്തെ നിലയിലാണ് കമ്മീഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കമ്മീഷനിലെ അംഗങ്ങളുടെ ഇമെയില്‍ വിലാസത്തിലേക്ക് പ്രവാസികള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയിക്കാവുന്നതാണ്. nricommission.m1@kerala.gov.in എന്നതാണ് സുബൈര്‍ കണ്ണൂരിന്റെ ഇമെയില്‍ വിലാസം. എല്ലാ മാസവും രണ്ട് ജില്ലകള്‍ വീതം ജനുവരി മുതല്‍ അദാലത്ത് നടത്തും. തിരുവനന്തപുരത്ത് ജനുവരി 11 ന് ആദ്യ അദാലത്ത് നടക്കും. സുബൈര്‍ കണ്ണൂരിനാണ് കണ്ണൂര്‍, കാസര്‍ഗോഡ്,വയനാട് ജില്ലകളുടെ ചുമതല, ബെന്യാമിന്‍(തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ), ആസാദ്(മലപ്പുറം, പാലക്കാട്,തൃശൂര്‍,ഇടുക്കി,കോട്ടയം), ഷംസീര്‍ വയലില്‍(കോഴിക്കോട്, എറണാകുളം) എന്നിങ്ങനെയാണ് ചുതലകള്‍ നല്‍കിയിരിക്കുന്നത്.

വരും ദിവസങ്ങളില്‍ തന്നെ ബഹ്‌റൈനിലുള്ളവര്‍ക്ക് പരാതി നല്‍കാനുള്ള ഒരു സ്ഥിരം സംവിധാനം നിലവില്‍ നോര്‍ക്ക റൂട്‌സ് പ്രവര്‍ത്തിക്കുന്ന ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടപ്പിലാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും സുബൈര്‍ കണ്ണൂര്‍ പറഞ്ഞു. കൂടുതല്‍ ശ്രദ്ധ കൊടുക്കുക പ്രവാസ ലോകത്ത് നില നില്‍ക്കുന്ന പലിശ ഇടപാടുകളിലായിരിക്കും.നിരവധി പേരാണ് കുറച്ച് പണം കടം വാങ്ങിയതിന്റെ പേരില്‍ വലിയ തുക തിരിച്ചടക്കേണ്ടിവരുന്ന അവസ്ഥ നേരിടുന്നത്. ഇത് പലരുടെയും യാത്രയുള്‍പ്പെടെ മുടങ്ങുന്നതിന് ഇടയാക്കുന്നതായും സുബൈര്‍ പറഞ്ഞു.

രജിസ്‌ട്രേഷന്‍, ക്ഷേമനിധി അംഗത്വമെടുക്കല്‍, അംശാദായ അടവ് തുടങ്ങിയവ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ മുഖാന്തിരമാക്കിയത് ഏറെ ഗുണകരമായിട്ടുണ്ട്. ആനുകൂല്യങ്ങള്‍ക്കായുള്ള അപേക്ഷയും ഇപ്പോള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കാന്‍ തീരുമാനിച്ചതായും ജോര്‍ജ്ജ് വര്‍ഗീസ് പറഞ്ഞു. പ്രവാസികളുടെ അടവിന് ആനുപാതികമായി പെന്‍ഷന്‍ വര്‍ധിപ്പിക്കുക, 60 വയസ്സ് കഴിഞ്ഞ വിദേശ പ്രവാസികള്‍ക്ക് ക്ഷേമനിധിയില്‍ അംഗമാകുന്നതിനും പെന്‍ഷന്‍ ലഭിക്കുന്നതിനും നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് പരിഗണനക്കായി നല്‍കിയത്. പ്രവാസികളുടെ നിയമ പരിരക്ഷക്കായി പ്രവാസി കമ്മീഷന്‍ കൂടുതല്‍ നയപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തില്‍ പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, കേരള പ്രവാസി ക്ഷേമബോര്‍ഡ് ഡയറക്ടര്‍ ജോര്‍ജ്ജ് വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു.