സനൂഷയ് പോലീസ് മേധാവിയുടെ അഭിനന്ദനവും പ്രശംസാപത്രവും

തിരുവനന്തപുരം: കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള തീവണ്ടിയാത്രയ്ക്കിടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചയാളെ ധീരമായി പ്രതിരോധിച്ച നടി സൂനഷയ്ക്ക് പോലീസ് മേധാവിയുടെ അഭിനന്ദനവും പ്രശംസാപത്രവും. സനൂഷയെ പോലീസ് ആസ്ഥാനത്ത് ക്ഷണിച്ചുവരുത്തിയാണ് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭിനന്ദിച്ചത്. ഇത്തരത്തിലുള്ള ചെറുത്തുനില്‍പ്പുകള്‍ മാതൃതാപരമാണെന്ന് ബഹ്‌റ പറഞ്ഞു.

ട്രെയിനില്‍ വെച്ച് സനൂഷയെ സഹായിച്ച കഥാകൃത്ത് ഉണ്ണി ആര്‍, കോഴിക്കോട് സ്വദേശി രഞ്ജിത്ത് എന്നിവരെയും അദേഹം അഭിനന്ദിച്ചു. ചടങ്ങില്‍ എ ഡി ജി പി എസ്.അനന്ദകൃഷ്ണന്‍, ഐ ജി ദിനേന്ദ്ര കശ്യപ്, എ ഐ ജി ജി.ശ്രീധരന്‍, എ എ ഐ ജി. ഹിരശങ്കര്‍, എസ് പി എന്‍. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

കഴിഞ്ഞ ബുധനാഴ്ചയാണ് ട്രെയിന്‍ യാത്രയ്ക്കിടെ യുവാവ് സനൂഷയെ ശല്യപ്പെടുത്തിയത്. സനൂഷയുടെ പരാതിയില്‍ കന്യാകുമാരി സ്വദേശിയായ ആന്റോ ബോസിനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.