അബ്ദുള്ളക്കുട്ടിയെ തടഞ്ഞ ഡിവൈഎഫ്‌ഐക്കാര്‍ക്കു നേരെ ലാത്തിചാര്‍ജ്ജ്

downloadകണ്ണൂര്‍ : ബലാത്സംഗകേസില്‍ പ്രതിചേര്‍ക്കപ്പെട്ട അബ്ദുള്ളക്കുട്ടി എംഎല്‍എയെ കണ്ണൂരില്‍ വെച്ച് തടഞ്ഞ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. അബ്ദുള്ളക്കുട്ടി എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് കണ്ണൂര്‍ പയ്യാമ്പലം ബീച്ചിലുള്ള ഒരുഹോട്ടലിന് മുന്നില്‍ വെച്ച് ഡിവൈഎഫ്‌ഐക്കാര്‍ തടഞ്ഞത്. സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ തന്നെ ബലാത്സംഗം ചെയ്തു എന്ന പരാതിയില്‍ അബ്ദുള്ളക്കുട്ടി എംഎല്‍എക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരുന്നു. ഇതേതുടര്‍ന്ന് അബ്ദുള്ളക്കുട്ടി ഇന്നലെമുതല്‍ ഒളിവിലായിരുന്നു.

ഇന്ന് കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം നടന്നത്. പോലീസിന്റെ കണ്ണ് വെട്ടിച്ച് ഹോട്ടലിലെത്തിയ വനിതകളടക്കമുള്ള പ്രവര്‍ത്തകരാണ് അബ്ദുള്ളക്കുട്ടിയെ തടഞ്ഞത്. പോലീസ് നടത്തിയ ലാത്തിചാര്‍ജ്ജില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 8 പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രവര്‍ത്തകരെ കാണാന്‍ ജയിംസ്മാത്യു എംഎല്‍എയും കെകെ ശൈലജയും പോലീസ് സ്റ്റേഷനിലെത്തി. നിയമം കയ്യിലെടുത്താല്‍ കളിമാറുമെന്ന് കെ സുധാകരന്‍ എംപി പറഞ്ഞു.