വൈറല്‍ ഹെപ്പറ്റൈറ്റിസ് , ഷിഗല്ല രോഗബാധ: രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജതമാക്കി ആരോഗ്യ വകുപ്പ്

മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്, ചേലേമ്പ്ര, കുഴിമണ്ണ, പള്ളിക്കല്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ ഉണ്ടായ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം 1420 സ്ഥിരീകരിച്ച വൈറല്‍ ഹെപ്പറ്റൈറ്റിസ് കേസുകളും, 5360 സംശയാസ്പദമായ വൈറല്‍ ഹെപ്പറ്റൈറ്റിസ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടര്‍ന്ന് 11 മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടര്‍ന്ന് സംശയാസ്പദമായ ഏഴു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2024 ജൂണ്‍ മാസത്തില്‍ 154 സ്ഥിരീകരിച്ച വൈറല്‍ ഹെപ്പറ്റൈറ്റിസ് കേസുകളും , 1607 സംശയാസ്പദമായ വൈറല്‍ ഹെപ്പറ്റൈറ്റിസ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് അത്താണിക്കല്‍ – 245, കുഴിമണ്ണ – 91, മൂന്നിയൂര്‍ – 85, ചേലേമ്പ്ര – 53, കൊണ്ടോട്ടി – 51, തിരൂരങ്ങാടി – 48, പരപ്പനങ്ങാടി – 48, നന്നമ്പ്ര – 30 എന്നിവിടങ്ങളിലാണ്.

ഈ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളുടെയും സഹകരണത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജതമാക്കിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു.
ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രദേശത്തെ കിണറുകള്‍ മൂന്നു ദിവസത്തിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്തു വെള്ളം ശുചിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ ആരോഗ്യ പ്രവര്‍ത്തകരും, ആശാവര്‍ക്കര്‍മാരും വീടുകള്‍ കയറി ആരോഗ്യ ബോധവല്‍ക്കരണം നടത്തുന്നു. പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മൈക്ക് പ്രചരണവും നടത്തുന്നുണ്ട്.

പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വെണ്ണായൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ശേഖരിച്ച മൂന്നു സാമ്പിളുകള്‍ ഷിഗല്ലയാണെന്ന് പരിശോധനാ ഫലം ലഭിച്ചിട്ടുണ്ട്. സ്‌കൂളിലും പരിസര പ്രദേശങ്ങളിലും ആവശ്യമായ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട് . ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക. അറിയിച്ചു. വയറിളക്ക രോഗങ്ങളുടെ ഒരു പ്രധാന കാരണമാണ് ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ. കൂടുതലും കുട്ടികളെയാണ് ഇത് ബാധിക്കുന്നത്. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് ഈ രോഗം പകരുന്നത് മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ്. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്‍ണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും.

വൈറല്‍ ഹെപ്പറ്റൈറ്റിസ് , ഷിഗല്ല തുടങ്ങിയ ജലജന്യ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇത്തരം ജലജന്യ രോഗങ്ങള്‍ക്കെതിരെയും ഭക്ഷ്യ വിഷബാധകള്‍ക്കെതിരെയും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആര്‍ രേണുക അറിയിച്ചു.

എന്താണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്?

വൈറസ് വിഭാഗത്തില്‍പ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് . പനി, വിശപ്പില്ലായ്മ , ഓക്കാനം , ഛര്‍ദി , കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍.
വയറിളക്ക രോഗങ്ങള്‍ ശരീരത്തിലെ ജലാംശവും പോഷകാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുത്തുന്നു. നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. യഥാസമയം ചികിത്സ ലഭിക്കാതിരുന്നാല്‍ രോഗിയുടെ ജീവന് തന്നെ ഭീഷണിയാവും. കുട്ടികളെ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടതാണ്.

രോഗലക്ഷണങ്ങള്‍

ശരീര വേദന, പനി, ക്ഷീണം, ഓക്കാനും, ചര്‍ദ്ദി, വയറുവേദന, കണ്ണിനും ശരീരത്തിനും മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം എന്നിവയാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്‌ന്റെ പ്രധാന രോഗലക്ഷണങ്ങള്‍

പ്രതിരോധമാര്‍ഗങ്ങള്‍

1. ജ്യൂസ് മുതലായ തണുത്ത പാനീയങ്ങള്‍ തയ്യാറാക്കുന്നതിനായി തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
2. തിളപ്പിച്ച് ആറിയ വെള്ളം മാത്രമേ കുടിക്കുന്നതിന് ഉപയോഗിക്കാന്‍ പാടുള്ളൂ. തിള വന്നതിനുശേഷം ചുരുങ്ങിയത് മൂന്നു മിനിറ്റ് എങ്കിലും വെള്ളം തിളപ്പിക്കണം അതിനുശേഷം മാത്രമേ കുടിക്കുന്നതിന് ഉപയോഗിക്കാ
ന്‍ പാടുള്ളൂ.
3. തണുത്തതും തുറന്നു വച്ചതുമായ യാതൊരു ഭക്ഷണ സാധനങ്ങളും കഴിക്കരുത്
4. മലമൂത്ര വിസര്‍ജനം കക്കൂസുകളില്‍ മാത്രമാക്കുക. കുട്ടികളുടെ വിസര്‍ജ്യങ്ങള്‍ കക്കൂസുകളില്‍ മാത്രം നിക്ഷേപിക്കുക
5. ഭക്ഷണം കഴിക്കുന്നതിനു മുമ്പും, ശുചിമുറി ഉപയോഗിച്ചതിനുശേഷവും കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക.
6. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ മൂന്ന് ആഴ്ചയെങ്കിലും മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കി വിശ്രമിക്കുക, രോഗലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക.
7. വയറിളക്കം ഉണ്ടായാല്‍ ഉടന്‍തന്നെ ഒ.ആര്‍.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം മുതലായവ കുടിക്കുക.8. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യ പ്രവര്‍ത്തകരെയോ വിവരം അറിയിക്കുക. അശാസ്ത്രീയ ചികിത്സ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതിരിക്കുക.
9. വ്യക്തി ശുചിത്വം, ആഹാര ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top