HIGHLIGHTS : തഞ്ചാവൂരിനും, വേളാങ്കണ്ണിക്കുമിടയിൽ മിടിക്കുന്ന നരച്ച ജനാലചില്ലിലൂടെ വരണ്ട കാറ്റ് ബസിലേക്ക് കുതറിക്കയറുന്നു. വെയിൽ വിളയുന്ന പാടങ്ങളിൽ തീക്കതിരിടുന്...
സുരേഷ് രാമകൃഷ്‌ണന്‍
തഞ്ചാവൂരിനും, വേളാങ്കണ്ണിക്കുമിടയിൽ മിടിക്കുന്ന നരച്ച ജനാലചില്ലിലൂടെ വരണ്ട കാറ്റ് ബസിലേക്ക് കുതറിക്കയറുന്നു. വെയിൽ വിളയുന്ന പാടങ്ങളിൽ തീക്കതിരിടുന്ന ഉച്ചവെയിലിലേക്ക് ബസ് പായുന്നു. അഞ്ചാറു തവണ റോഡിനെ കുറുകെ പുണർന്ന് കരിം ചേരയെ പോലെ റെയിലു കിടക്കുന്നു.

റെയിൽവേ ക്രോസിലെ പുളിമരത്തിന്റെ പച്ച ചുവട്ടിലെ ഈ തടസത്തെ ആദ്യമായി ശപിക്കാൻതോന്നിയതേയില്ല…ഈ തടവിലങ്ങനെ ഏറെ നേരം തങ്ങി കിടക്കുവാനും ആദ്യമായ് മോഹിച്ചു. പുളിമരച്ചുവട്ടിലെ പെൺകുട്ടിയുടെ മോരു വെള്ളത്തിന് മൺകുടത്തിന്റെ തണുപ്പ്. പുളിമര പച്ചയിൽ ഇറങ്ങാതെ സംഭാരത്തിന്റെ മൺകുളിരുനണയാതെ
വെയിൽ മറയിൽ ,തളിർ വിയർപ്പിൽ ഒരു മുത്തശ്ശി മാത്രം ബസിൽ ഇരിക്കുന്നു.
അന്നു തന്നെ തഞ്ചാവൂരിനു മടങ്ങണം എന്നു കരുതിയതാണ്
പക്ഷെ, ഉഷ്ണക്കാറ്റിൽ എന്തോ ഉരുകി പോയിരുന്നു. പിറ്റേ ദിവസം വരെ
മഠം വക ഒരു തണുത്ത മുറിയെടുത്തു. വേളാങ്കണ്ണിയുടെ കടപ്പുറത്ത്
നാലു മ ണിനേരത്തും കത്തുന്ന ചൂട്. കുളി കഴിഞ്ഞ് പുറത്തേക്കിറങ്ങി.
ശനിയാഴ്ച്ച ആയതു കൊണ്ടാവണം പള്ളിമുറ്റം നിറയെ ആളുകൾ.
പഴയ പള്ളിയിലേക്കുള്ള പൂഴി നിറച്ചിട്ട വഴി കനലെരഞ്ഞു നീണ്ടു കിടക്കുന്നു. ഇതിലെ നടന്നു പോവുന്നതു തന്നെ ചൂടത്ത് പ്രയാസമാണ്
അപ്പോഴാണ് ഇതിലൂടെ ആളുകൾ മുട്ടിലിഴയുന്നത്.
ആരൊക്കയോ കൊന്തയുമായി ഞങ്ങൾക്കു മുന്നിലൂടെ നിന്നും ,
ഇഴഞ്ഞും ദൂരെ മായുന്നു പെട്ടന്ന്! വല്ലാത്ത പരിചയം തോന്നിയ
ഒരു വിയർപ്പെണ്ണ മുറ്റിയ വിഷാദമുഖം വേച്ച് വേച്ചിഴയുന്നു
അറിയാതെ… ഈശ്വരനെ വിളിച്ചു പോയി. വിശ്വാസം കൊണ്ടായിരുന്നില്ല!
ദൈന്യത കൊണ്ടാവണം…ബസിലുണ്ടായിരുന്ന നിർന്നിമേഷയായ…..
മൂകയായ ആ അമ്മൂമ്മ!
ഇവർ , ഈ വയസുകാലത്ത്! തനിച്ച്! ഈ മരുഭൂമിയിൽ!
ഇവരെന്തിനാണാവോ?