
ന്യൂഡല്‍ഹി: രാജ്യത്ത് 15 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ജനുവരി മൂന്ന് മുതല്‍ കോവിഡ് വാക്സിന്‍ നല്‍കി തുടങ്ങുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിന്‍ വിതരണത്തില്‍ ഇന്ത്യ മികച്ചുനിന്നുവെന്നും ഒമിക്രോണ്‍ വ്യാപനത്തിനെതിരെ ജാഗ്രത പുലര്‍ത്തേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു.
My address to the nation. https://t.co/dBQKvHXPtv
— Narendra Modi (@narendramodi) December 25, 2021
ആരോഗ്യപ്രവര്‍ത്തകര്‍ക്കും 60 വയസ്സിന് മുകളിലുള്ള രോഗികളായവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ജനുവരി 10 മുതലാണ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കി തുടങ്ങുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.60 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിലാകും ബൂസ്റ്റര്‍ ഡോസ് നല്‍കുക.
മൂക്കിലൂടെ നല്‍കുന്ന വാക്സിന്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നും ലോകത്തില്‍ തന്നെ ആദ്യത്തെ ഡി.എന്‍.എ ഒറിജിന്‍ വാക്സിന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് 18 ലക്ഷം ഐസലേഷന്‍ ബെഡുകളുണ്ട്. 90 ലക്ഷം ഐസിയു, നോണ്‍ ഐസിയു ബെഡുകള്‍ ലഭ്യമാണ്. എല്ലാ സംസ്ഥാനങ്ങളിലും ആവശ്യത്തിനു മരുന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഓക്‌സിജന്‍ ലഭ്യത പര്യാപ്തമാണ്, 4 ലക്ഷം സിലിണ്ടറുകള്‍ വിതരണം ചെയ്തു. വാക്‌സിന്‍ ലഭ്യതയും വിതരണവും ഉറപ്പുവരുത്താന്‍ സദാസമയവും പരിശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.




