മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

ന്യൂഡല്‍ഹി: മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. രാഷ്ട്രപതി ഭവനില്‍ വൈകിട്ട് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സഹമന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. ഏഴ് അയല്‍ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ചടങ്ങിന് സാക്ഷിയാകും.

വൈകിട്ട് 7.15ന് പ്രൗഢഗംഭീരമായ ചടങ്ങിലാണ് സത്യപ്രതിജ്ഞ. 2014ലും 2019ലും ബിജെപിക്ക് തനിച്ചു ഭൂരിപക്ഷമുള്ള സര്‍ക്കാരുകളെയാണ് നരേന്ദ്ര മോദി നയിച്ചത് എങ്കില്‍ ഘടകകക്ഷികള്‍ കൂടി കടിഞ്ഞാണ്‍ കൈവശപ്പെടുത്തിയ മന്ത്രിസഭയെയാണ് മോദി ഇനി നയിക്കുക. മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യുമോ എന്ന് സ്ഥിരീകരണം ആയിട്ടില്ല.

8000 ത്തിലേറെ പേരെയാണ് സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമ സിംഗെ , ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന, നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡ , മാലിദ്വീപ്, സീ ഷെല്‍സ്, മൗറീഷ്യസ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ചടങ്ങില്‍ പങ്കെടുക്കും. ശുചീകരണ തൊഴിലാളികള്‍, സെന്‍ട്രല്‍ വിസ്ത പദ്ധതിയിലെ നിര്‍മ്മാണ തൊഴിലാളികള്‍, വന്ദേ ഭാരത് ട്രെയിനിന്റെ ലോക്കോ പൈലറ്റ്മാര്‍, തുടങ്ങിയവരും ചടങ്ങിന് സാക്ഷിയാകും.

അതേസമയം പ്രതിപക്ഷം ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് ഇതുവരെയുള്ള സൂചന. ചടങ്ങിലേക്ക് ക്ഷണം പോലും ലഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസും ചടങ്ങിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top