
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ 5 ഡോക്ടര്‍മാരെ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ആശുപത്രിയിലുള്ളവര്‍ക്കും പീഡനത്തില്‍ പങ്കുണ്ടെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് സിബിഐ നീക്കം. അതേസമയം, കൊലപാതകം നടന്ന ആര്‍ജി കര്‍ ആശുപത്രി കഴിഞ്ഞ രാത്രി അടിച്ചു തകര്‍ത്ത സംഭവത്തില്‍ 9 പേരും അറസ്റ്റിലായി.
കൂട്ടബലാത്സംഗത്തിന് കൊല്ലപ്പെട്ട ജൂനിയര്‍ ഡോക്ടര്‍ ഇരയായിട്ടുണ്ടെന്നും, ആശുപത്രിയിലെ ചില ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നുമുള്ള ആരോപണം നേരത്തെ ശക്തമായിരുന്നു. എന്നാല്‍ കൊല്‍ക്കത്ത പൊലീസിന്റെ അന്വേഷണം ഈ വഴിക്ക് നീണ്ടിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും കൂട്ട ബലാല്‍സംഗം നടന്നോയെന്ന സംശയം ഉയര്‍ന്നതിന് പിന്നാലെയാണ് സിബിഐയുടേയും നിര്‍ണായക നീക്കം. ആശുപത്രിയിലെ 5 ഡോക്ടര്‍മാരെയാണ് സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നത്. ചിലരെ ഇന്ന് തന്നെ ചോദ്യം ചെയ്‌തേക്കും. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി സിബിഐ ഇന്ന് വീട്ടിലെത്തി രേഖപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിലും അന്വേഷണ സംഘം പരിശോധന നടത്തി.
സംഭവത്തില്‍ ദുരൂഹത കൂട്ടിക്കൊണ്ടാണ് ഇന്നലെ അര്‍ദ്ധരാത്രി ഡോക്ടര്‍മാരുടെ സമരവേദിയിലേക്ക് ഒരുസംഘം ആയിരത്തോളം വരുന്ന അക്രമികള്‍ ഇന്നലെ ആര്‍ജി കര്‍ ആശുപത്രി അടിച്ചു തകര്‍ത്തത്. ഡോക്ടര്‍മാരുടെ സമരവേദിയും സിസിടിവി ക്യാമറകളും കംപ്യൂട്ടറുകളും അക്രമികള്‍ തകര്‍ത്തു തരിപ്പണമാക്കി. അക്രമം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന വന്‍ പൊലീസ് സംഘം ഇടപെട്ടില്ലെന്ന് ദൃക്‌സാക്ഷികള്‍ പരാതിപ്പെട്ടു.
അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങിയ റസിഡന്റ് ഡോക്ടര്‍മാരുടെ സംഘടന വീണ്ടും സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. അക്രമം അധികൃതരുടെ ആവര്‍ത്തിച്ചുള്ള അനാസ്ഥ കാരണമാണെന്ന് കുറ്റപ്പെടുത്തിയ ഐഎംഎ നിര്‍ണായക തെളിവുകള്‍ നഷ്ടപ്പെട്ടതായി സംശയമുണ്ടെന്നും പറഞ്ഞു.
പശ്ചിമബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി അടിച്ചു തകര്‍ത്ത സംഭവത്തില്‍ ബിജെപിക്കെതിരെ ആരോപണവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്നലെ അക്രമം നടത്തിയത് വിദ്യര്‍ത്ഥികളോ സംഘടനയുമായി ബന്ധപ്പെട്ടവരോ അല്ലെന്നും അക്രമികള്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നുമാണ് മമത ബാനര്‍ജിയുടെ ആരോപണം. ഡോക്ടര്‍മാര്‍ സമരം നിര്‍ത്തണമെന്നും മമത ആവശ്യപ്പെട്ടു. ആശുപത്രിയില്‍ നടന്ന ആക്രമണത്തില്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




