
കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകളിലെ ഇന്നലെ അവസാനിപ്പിച്ച തെരച്ചില്‍ ഇന്നും തുടരും. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലായിരിക്കും തെരച്ചില്‍. ചാലിയാറില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെ രണ്ട് ഭാഗങ്ങളായി തെരച്ചില്‍ പുനരാരംഭിക്കും. ദൗത്യം അവസാനഘട്ടത്തിലാണെന്ന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.
അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ മരണസംഖ്യ 365 ആയി. 148 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. മരിച്ചവരില്‍ 30 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10042 പേരാണ് കഴിയുന്നത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌ക്കരിക്കും. സര്‍വ്വമത പ്രാര്‍ത്ഥനയോടെ ആയിരിക്കും സംസ്‌കാരം നടത്തുക.
ഇന്നലെ നാല് മൃതദേഹങ്ങളാണ് ദുരന്തഭൂമിയില്‍ നിന്നും കണ്ടെടുത്തത്. ഉരുള്‍പൊട്ടല്‍ ബാധിച്ച എല്ലാ സ്ഥലങ്ങളിലും ഇന്നലെ തെരച്ചില്‍ നടത്തി. ഇന്നലെ തമിഴ്‌നാടിന്റെ ഫയര്‍ഫോഴ്‌സ് ഡോഗ് സ്‌ക്വാഡിന്റെ സഹകരണം കൂടി ലഭിച്ചിരുന്നു.
ഇന്നും ഇതേ രീതിയില്‍ തന്നെ പരിശോധന തുടരും. വിവിധ സംഘങ്ങളായി തിരിഞ്ഞ് പുഞ്ചിരിമട്ടം, ചൂരല്‍മല, മുണ്ടക്കൈ ഒപ്പം തന്നെ സൂചിപ്പാറയിലെ താഴ്ഭാഗങ്ങള്‍, ചാലിയാര്‍ പുഴയിലെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ പരിശോധനയും തുടരും. അഞ്ചാം ദിവസവും ആരെയും ജീവനോടെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ചാലിയാറില്‍ നിന്ന് ഇന്നലെ കണ്ടെത്തിയത് 12 മൃതദേഹങ്ങളാണ്. ഇതോടെ ചാലിയാറില്‍ വിപുലമായ തെരച്ചില്‍ നടത്താനാണ് തീരുമാനം. പുഴ ഗതിമാറിയൊഴുകിയ സ്ഥലങ്ങളിലടക്കം തിങ്കളാഴ്ച പരിശോധന നടത്തും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




