Section

malabari-logo-mobile

ഓണ്‍ലൈന്‍ ക്ലാസുകള്‍; വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്ക് തൊട്ടടുത്ത സ്‌കൂളുകളില്‍ സംവിധാനമൊരുങ്ങി

HIGHLIGHTS : മലപ്പുറം: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ 'ഫസ്റ്റ്‌ബെല്‍' ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിന് വീടുകളില്‍ മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ സൗകര്യങ...

മലപ്പുറം: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ‘ഫസ്റ്റ്‌ബെല്‍’ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിന് വീടുകളില്‍ മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ സൗകര്യങ്ങളില്ലാത്തവര്‍ക്ക് തൊട്ടടുത്ത എല്‍.പി സ്‌കൂളുകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ഡി.ഡി.ഇ കെ.എസ് കുസുമം അറിയിച്ചു. സ്‌കൂളുകള്‍ക്ക് പുറമെ പ്രാദേശിക ലൈബ്രററികളിലും ആവശ്യമെങ്കില്‍ സൗകര്യമൊരുക്കാനാണ് തീരുമാനം. സ്‌കൂളുകളിലുള്ള ലാപ്ടോപ്പ്, ഇന്റര്‍നെറ്റ് സൗകര്യങ്ങളുടെ സഹായത്തോടെയാകും വിദ്യാര്‍ഥികള്‍ക്ക് പഠനം സാധ്യമാക്കുക. വീടുകളില്‍ സൗകര്യമില്ലാത്തവരെ കണ്ടെത്തുന്നതിനും സൗകര്യമൊരുക്കി നല്‍കുന്നതിനുമായി അധ്യാപകരുടെയും അതത് തദ്ദേശ സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് പ്രവര്‍ത്തങ്ങള്‍ ഏകോപ്പിക്കുന്നത്.

സൗകര്യങ്ങള്‍ ലഭ്യമല്ല എന്നത് സംബന്ധിച്ച വിവരം അതത് സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ തൊട്ടടുത്ത എല്‍.പി സ്‌കൂള്‍ അധികൃത വിവരമറിയിക്കുന്ന മുറയ്ക്കാണ് സൗകര്യം ലഭ്യമാക്കുക. എന്നാല്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളിലെ കുട്ടികള്‍ വീടുകളില്‍ സൗകര്യമില്ലെന്ന കാരണത്താല്‍ സ്‌കൂളുകളിലെത്താന്‍ പാടുള്ളതല്ല. ഇവര്‍ക്ക് ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരുടെ സഹായത്തോടെ വീടുകളില്‍ നേരിട്ടെത്തി ലാപ് ടോപ്പിന്റെ സഹായത്തോടെ ക്ലാസുകള്‍ കാണിക്കാനാണ് തീരുമാനം.

sameeksha-malabarinews

വിക്ടേഴ്‌സ് ചാനലിലൂടെ ലഭ്യമാക്കുന്ന ക്ലാസുകള്‍ പിന്നീട് യൂട്യൂബ് ചാനലിലും, ഫെയ്‌സ്ബുക്കിലും ലഭ്യമാകുമെന്നതിനാല്‍ ക്ലാസുകള്‍ നഷ്ടമാകുന്ന സാഹചര്യവും നിലവിലില്ല. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് അതത് സ്‌കൂളുകളിലെ വിദ്യാര്‍ഥികളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രധാനാധ്യാപകരില്‍ നിന്നും ഇന്ന് (ജൂണ്‍ മൂന്ന്) ശേഖരിക്കുമെന്ന് ഡി.ഡി.ഇ പറഞ്ഞു. കൂടാതെ ഇതു വരെയുള്ള ക്ലാസുകള്‍ സംബന്ധിച്ചും പ്രധാനാധ്യാപകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്നാകും വരും ദിവസങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തുക.

ഫസ്റ്റ് ബെല്‍’ ക്ലാസുകള്‍ victers.kite.kerala.gov.in എന്ന വെബ് സൈറ്റ് വഴിയോ, ഫെയ്സ് ബുക്കില്‍ victerseduchannel മുഖേനയോ, യൂട്യൂബില്‍ itsvicters എന്ന ചാനലിലൂടെയോ ലഭിക്കും.
വിക്ടേഴ്‌സ് ചാനല്‍ ലഭിക്കുന്ന വിവിധ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പേരും ചാനല്‍ നമ്പരുമാണ് ചുവടെ നല്‍കിയിരിക്കുന്നത്. ഏഷ്യാനെറ്റ് കേബിള്‍ – 39, യെസ് ഡിജിറ്റല്‍ – 29, ഏഷ്യാനെറ്റ് ഡിജിറ്റല്‍ – 411, വീഡിയോകോണ്‍ ഡി.ടു.എച്ച് – 642, കേരള വിഷന്‍ – 42, ഡിഷ് ടിവി – 642, ഡെന്‍ നെറ്റ് വര്‍ക്ക് – 639, ഡിജി മീഡിയ – 149, സഹ്യ – 51, സിറ്റി ചാനല്‍ – 116, സണ്‍ ഡയറക്ട് – 240.

വിദ്യാഭ്യാസ വകുപ്പിന്റെ ‘ഫസ്റ്റ്‌ബെല്‍’ പദ്ധതിക്ക് ജില്ലയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിദ്യാലയങ്ങള്‍ അടഞ്ഞുകിടന്നിട്ടും ഒന്നാം തരം മുതല്‍ 12 വരെയുള്ള കുട്ടികളാണ് ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ സജീവമായിരിക്കുന്നത്. വീട്ടിലിരുന്നും ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍ സംവിധാനങ്ങളുടെ സഹായത്തോടെ ക്ലാസുകള്‍ കാണുന്ന തിരക്കിലാണ് ജില്ലയിലെ കുട്ടികളും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!