HIGHLIGHTS : One person in police custody for attacking actor Saif Ali Khan
മുംബൈ:ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ മുംബൈയിലെ വീട്ടില്‍ വച്ച് ആക്രമിച്ച കേസില്‍ ഒരാള്‍ മുംബൈ പോലീസിന്റെ കസ്റ്റഡിയില്‍. സംഭവുമായി ബന്ധപ്പെട്ട് ബാന്ദ്ര പോലീസ് സ്റ്റേഷനില്‍ നിരവധി പേരെ മുംബൈ പോലീസ് വ്യാഴാഴ്ച രാത്രി കൊണ്ടുവന്നിരുന്നു. ഇതില്‍ ഒരാളെയാണ് സെയ്ഫ് അലി ഖാനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് മുംബൈ പോലീസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
സെയ്ഫ് അലി ഖാന്റെ ബാന്ദ്രയിലെ വസതിയില്‍ നടന്ന മോഷണശ്രമത്തിനിടെ അദേഹത്തെ കുത്തി പരിക്കേല്‍പ്പിച്ച പ്രതിയുടെ ചിത്രം പുറത്തുവന്നിരുന്നു. വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുകളിലത്തെ നിലയിലെ പടികള്‍ ഇറങ്ങിവരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെ നടന്‍ ഉറങ്ങുമ്പോഴായിരുന്നു സംഭവം.
സെയ്ഫ് അലിഖാന് ശരീരത്തില്‍ ആറ് കുത്താണ് ഏറ്റിരുന്നത്. വീട്ടിലുണ്ടായിരുന്നവര്‍ ഉണര്‍ന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
അക്രമിയുടെ കുത്തേറ്റ നടനെ ലീലാവതി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഒരു പരുക്ക് ആഴമേറിയതാണെന്നും 10 തുന്നലുകള്‍ വേണ്ടിവന്നെങ്കിലും പരിക്ക് നട്ടെല്ലിനെ ബാധിച്ചില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സെയ്ഫിന്റെ ശരീരത്തില്‍ കത്തിയുടെ ഒരു കഷണം ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. സര്‍ജറിക്കു ശേഷം സെയ്ഫ് ഐസിയുവില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.