‘ആദ്യപാപം’… നിയാസ് പി മുരളി എഴുതുന്നു

“പ്ടെ”…കോലായിലെവിടെയോ
ഒരു ഓട് വീണ് പൊട്ടിയിട്ടുണ്ടാവണം…
അത് താഴെ ചിതറിയിട്ടുണ്ടാവണം…
എന്നെപ്പോലെ….

പുറത്ത് മഴ;
കനത്ത് പെയ്യുകയാണ്. ..
നല്ല കാറ്റും…
ജനൽപ്പാളികളില്ലാത്ത
അഴികളില്ലാത്ത വടക്കേ മുറിയിലേക്ക്
കാറ്റ് തണുപ്പിനെയും വലിച്ച്
കടന്ന് വന്നു…

ചാണകം തേച്ച വെറും നിലത്ത്
തഴപ്പായയിൽ
ഉമ്മയുടെ പഴയ ഓയിൽ സാരി
വിരിച്ചും ഒരു സാരി പുതച്ചും
പഴയ വെട്ടുകഷ്ണങ്ങൾ കൊണ്ട് നിറച്ച കനം കൂടിയ
തലയണയിൽ
തല വെച്ചു കിടക്കുന്ന
എന്നെ തണുപ്പിക്കാൻ
എന്റെ ചൂടകറ്റാൻ
ആർത്തലച്ചു പെയ്യുന്ന മഴക്കോ
കടന്ന് വന്ന തണുപ്പിനോ
കഴിഞ്ഞില്ല…
ഞാൻ ചുരുണ്ട് ചേരട്ടയെ പോലെ കിടന്നു….
എന്റെ ശരീരത്തിനെക്കാൾ ചൂട്;
മനസ്സിനുണ്ടായിരുന്നു….

മുറിയിൽ ആകെയുള്ള
കട്ടിലിൽ
അമ്മായി എന്ന് വിളിപ്പേരുള്ളവൾ
മഴത്തുള്ളികളുടെ കനം വാർന്ന് പോയ കാർമേഘം പോലെ ശാന്തമായി കിടക്കുന്നു….
ഇടക്കിടക്ക് ഉയരുന്ന നിശ്വാസം  പിന്നെയും എന്നെ പേടിപ്പിച്ചു കൊണ്ടേയിരുന്നു….

ഉമ്മക്ക്
വയറ്റിൽ മുഴയാണെന്നും
അതിന് ഓപ്പറേഷൻ വേണമെന്നും
അതിന് വേണ്ടി മെഡിക്കൽ കോളജിൽ പോണമെന്നും
അറിഞ്ഞ എന്റെ
പതിനാലാം വയസ്സിലെവിടെയോ…
ഉമ്മ പോയാൽ പിന്നെ ഞാനൊറ്റക്കാവും വീട്ടിൽ….
ചിലപ്പോള് വടക്കീലെ വീട്ടില്
പോയിക്കിടക്കും…
ഭക്ഷണവും അവിടെ നിന്ന് തന്നെ….

ഇത് ആദ്യത്തെ അനുഭവം ആയിരുന്നില്ല…
ഉമ്മയും ഞാനും
വർഷത്തിൽ ഒന്നോ രണ്ടോ
വട്ടം ഏതെങ്കിലും ഗവർമെന്റ് ആസ്പത്രിയിൽ സുഖവാസത്തിന് പോവാറുണ്ട്…
ചിലപ്പോൾ ഞാനാവും…
ചിലപ്പോൾ ഉമ്മയും….

ഉമ്മ;
കാര്യങ്ങളൊക്കെ പറഞ്ഞു തന്ന് എന്റെ മൂർദ്ധാവിൽ ഉമ്മ വെച്ച്
പോവാനിറങ്ങുമ്പഴാണ്…
ഉമ്മയുടെ ബന്ധത്തിലുള്ള
അമ്മായി വീട്ടിലേക്ക് വന്നത്…
ഉമ്മ വിളിക്കുന്നത് കേട്ടാവണം;
ഞാനും അങ്ങനെ തന്നെ വിളിച്ചു….

കാച്ചിയ എണ്ണയുടെയും കുട്ടികുറ പൗഡറിന്റെയും ഗന്ധമായിരുന്നു അവർക്ക്…
എണ്ണക്കറുപ്പിന്റെ നിറം….
നീളൻ മുടി….
വൃത്തിയായി സാരിയുടുത്ത്;
റോൾഡ് ഗോൾഡിന്റെ ആഭരണങ്ങളണിഞ്ഞു..
ആകാരവടിവോട് കൂടിയ ശരീരം…
എനിക്ക് വളരെ വ്യക്തമായി
ഓർത്തെടുക്കാൻ പറ്റുന്നുണ്ട്…

 

അവർ ഇടക്കൊക്കെ
വീട്ടിൽ വരാറുണ്ടായിരുന്നു..
ഇടക്ക് ഒന്നോ രണ്ടോ ദിവസം
താമസിക്കും..
എന്നോട് വലിയ സ്നേഹമായിരുന്നു…

വരുമ്പോഴൊക്കെ
കയ്യിൽ തേനാറോ എന്തെങ്കിലും
മുട്ടായി കരുതും…
പോവുമ്പോൾ
50 പൈസ കയ്യിൽ തരും..

വന്നാൽ കിണറ്റും കരയിലെ കല്ലിൽ കേറ്റിയിരുത്തി
തേച്ചു കുളിപ്പിക്കും…
പച്ചപ്പുളിയിട്ട് മീൻ വറ്റിക്കും…
രാവിലെ തന്നെ ബാലേട്ടന്റെ കുളത്തിൽ എന്നെയും കൂട്ടി കുളിക്കാൻ പോവും…

അത് കൊണ്ടാവണം അമ്മായി വീട്ടിൽ വരുന്നത് എനിക്ക് ഇഷ്ടമായിരുന്നു….

“യ്യ്‌ വന്നത് നന്നായി…
ചെക്കൻ വ്ടെ ഒറ്റക്കാവുല്ലോ ന്ന പേടിണ്ടേനി…”

ഉമ്മ പറഞ്ഞു…

“ങ്ങള് പോയി വരി..
ഞാൻ വ്ടെ ണ്ടാവും…

ഉമ്മ;
പറമ്പിന്റെ അതിരിലെ നീളൻ ഇടവഴിയിലൂടെ
അകന്നകന്ന് പോയി….

ഞങ്ങൾ കുളത്തിൽ
പോയി..
അടുത്തുള്ള ബന്ധുവിന്റെ വീട്ടിൽ പോയി…

അന്ന് വൈകുന്നേരമായപ്പോഴേക്കും
ആകാശം ഇരുണ്ട് തുടങ്ങി…
പതുക്കെ
രാത്രിക്ക് കനം വെച്ചു തുടങ്ങി…
നേരത്തെ ഭക്ഷണം കഴിച്ച്
ഞങ്ങൾ കിടന്നു…
താഴെ തഴപ്പായയിൽ ഞാനും
മുറിയുടെ മൂലക്കുള്ള
പഴയ കട്ടിലിൽ അമ്മായിയും…

മുനിഞ്ഞു കത്തുന്ന
മണ്ണണ്ണ വിളക്കിന്റെ ചുവട്ടിൽ
അന്ന് വൈകുന്നേരം ലൈബ്രറിയിൽ നിന്ന് വാങ്ങിയ
പുസ്തകത്തിലേക്ക്
ഞാൻ ഊളിയിട്ടു…
പതുക്കെ ഉറക്കത്തിലേക്കും…

പുറത്ത് ആർത്തലച്ചു
പെയ്യുന്ന മഴ;
ലാസ്യഭാവം പൂണ്ടു…
അതൊരു കരിമേഘമായി
ജനാലക്കുള്ളിലൂടെ
അകത്തേക്ക് കടന്നു…
താഴെ കിടന്ന എന്റെ മുകളിലേക്ക് അമർന്നു…

അതിന്
കാച്ചെണ്ണയുടെയും കുട്ടികുറ പൗഡറിന്റെയും
മണമായിരുന്നു…

അത്;
കാറ്റായി
മഞ്ഞായി
തീയായി
രൂപം മാറിക്കൊണ്ടേയിരുന്നു…

ഞാൻ
ആ തണുപ്പത്തും
താഴെ
ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ
കിടക്കുന്ന പോലെ…
എന്താണ് സംഭവിക്കുന്നതെന്ന് പോലും എനിക്ക് മനസ്സിലായില്ല….
മുറിയിലാകെ ഉഷ്ണക്കാറ്റ്….
അത് എന്നെയും കൊണ്ട് പോയി…
അത് മുടിയഴിച്ചാടി….
തേറ്റകൾ നീട്ടി….
പറമ്പിലെ വടക്കേ അതിരിലെ
കരിമ്പനയിലകളിൽ കറുത്ത ചിരിയിളകി…

ആർത്തലച്ച് പെയ്ത്
രൂപാന്തരങ്ങൾക്ക് ശേഷം..
ഒരു ദീർഘനിശ്വാസത്തിനപ്പുറം
കാർമേഘം എന്നെ വിട്ടൊഴിഞ്ഞു…

അത് തൊട്ടപ്പുറത്തെ കട്ടിലിൽ നീണ്ടു നീർന്ന് കിടന്നു..

പ്രകൃതി ശാന്തമായി…
കാറ്റ് നിലച്ചു…
ഒരു മിന്നൽ കരിമ്പനയെ തൊട്ട് കൊണ്ട് കടന്ന് പോയി…

ആദ്യമായി കാച്ചെണ്ണയുടെ മണം ഞാൻ വെറുത്തു…
ഞാൻ എന്നെ മണത്ത് നോക്കി….
എനിക്ക് ഓക്കാനം വന്നു…

പേടിച്ച് വിറച്ച്
ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി….
മോന്തായത്തിൽ
പൊട്ടിയ ഓടിന്റെ ഉള്ളിലൂടെ
കടന്ന് വന്ന പകൽവെളിച്ചം എന്നെ തൊട്ടുണർത്തി…

അടുക്കളയിൽ പാത്രങ്ങൾ ഒച്ചപ്പെടുന്ന ശബ്ദം…
അമ്മായിയാവണം…
ഞാൻ മെല്ലെ എണീറ്റു….

“ആ ചെക്കാ യ്യ്‌ എണീറ്റോ?”
ഒന്നും സംഭവിക്കാത്ത പോലെ
അമ്മായിയുടെ ചോദ്യം…
ഞാനൊന്നും പറഞ്ഞില്ല…

ഞാൻ വെച്ചു പോകുന്ന പോലെ…
ദേഹം പിന്നെയും വിറക്കുന്നു…
ഞാൻ തളരുന്ന പോലെ….

എനിക്കെന്താണ്
സംഭവിച്ചത്…?
സത്യമാണോ
സ്വപ്നമോ.?

ഞാൻ ഒന്ന് കൂടി എന്നെ
മണത്ത് നോക്കി…
കാച്ചെണ്ണയുടെ മണം…
സത്യമാണ്…

എനിക്ക് കരയണമെന്നു തോന്നി…

ഞാൻ പിന്നെയും പായയിൽ
പോയി ചുരുണ്ടു….
ദേഹവും മനസ്സും ചുട്ടുപൊള്ളുന്നു…
കണ്ണുനീർ ഞാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല…

നേരം ഉച്ച പിന്നിട്ട് കാണും…

“ഓപ്പറേഷൻ ഒരാഴ്ച്ച നീട്ടി…ഞ്ഞി അടുത്താഴ്ച്ച പോയാ മതി…
ചെക്കനെവിടെ”
പുറത്ത് ഉമ്മാന്റെ ശബ്ദം..

“ഓന് നല്ല പനി….
രാത്രി തൊടങ്ങീതാ…
മഴ കൊണ്ടിട്ടുണ്ടാവും”
അമ്മായീന്റെ കാച്ചെണ്ണയുടെ മണമുള്ള ശബ്ദം…
എനിക്ക് പിന്നെയും
ഓക്കാനം വന്നു…

ഉമ്മ;
അകത്തേക്ക് വന്നു..
എന്റെ കൂടെ പായയിൽ കിടന്നു..
കെട്ടിപ്പിടിച്ചു…
കണ്ണീരു കൊണ്ട് ബ്ലൗസ് നനഞ്ഞപ്പഴാണ് ഉമ്മ എന്റെ
മുഖമുയർത്തി നോക്കിയത്…
കരഞ്ഞു വീർത്ത കണ്ണുകളുമായി ഞാൻ ഒന്ന് കൂടി ഉമ്മയെ കെട്ടിപ്പിടിച്ചു…

“എന്താടാ അനക്ക് പറ്റിയത്?

ഞാൻ എല്ലാം തുറന്നിട്ടു…
കാർമേഘം;
രൗദ്രഭാവം പൂണ്ടതും
എന്നിൽ പെയ്തൊഴിഞ്ഞു പോയതും എല്ലാം….

ഉമ്മ;
കലിതുള്ളി എണീറ്റു…
പുറത്ത് അടിയുടെ ശബ്ദം…
ആക്രോശങ്ങൾ…
വാഗ്വാദങ്ങൾ….
അവസാനം അമ്മായിയുടെ പഴയ ബാഗും പുറത്തേക്ക് വലിച്ചെറിഞ്ഞ്
“ഇനി മേലിൽ ഈ വീട്ടിൽ കാല് കുത്തെരുതെന്നും”
പറഞ്ഞ് ഇറക്കി വിട്ടു…

ഉമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു…
എന്നെ ആശ്വസിപ്പിച്ചു…
എന്റെ നെറ്റിയിൽ ഉമ്മ വെച്ചു…
എന്നെ കെട്ടിപ്പിടിച്ചു കിടന്നു..
പനി സാവധാനം എന്നെ വിട്ട് പോയി…
ഞാൻ സമാധാനത്തോടെ ഉറങ്ങി….

പിന്നീട് ഇത് വരെ ഞാനവരെ കണ്ടിട്ടില്ല…
പക്ഷെ ഇന്ന് വീണ്ടും
സ്വപ്നത്തിൽ കാച്ചെണ്ണയുടെ മണം കടന്ന് വന്നു…
ഞാൻ അറിയാതെ
മുപ്പത് വര്ഷങ്ങൾക്കിപ്പുറവും
ഒരു പ്രേതസ്വപ്നം കണ്ടാലെന്ന പോലെ
ഞെട്ടിയുണർന്നു….

NB:
ഒരോ വേട്ടക്കാരനും
ഒരുപക്ഷേ മുൻപ് ഒരിരയായിരുന്നിരിക്കാം…
ഓരോ ഇരയും
അറിയാതെ വേട്ടക്കാരന്റെ മനസ്സും പേറുന്നുണ്ടാവാം..
അത് അനുഭവങ്ങളോടുള്ള ദേഷ്യമാവാം…
പ്രതികരണമാവാം…
മനസ്സ്;
ഒരു പിടിതരാത്ത മായയാണ്…
അനുഭവങ്ങൾ തന്നെയാണ്
വലിയ പാഠങ്ങൾ…

 

Share news
error: Content is protected !!
Scroll to Top