തിരൂരങ്ങാടി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ വിപുലീകരിക്കുന്നു. തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂര്‍ മേഖലകളിലായി കൂടുതല്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഡിറ്റോറിയവും ആരോഗ്യ വകുപ്പ് അധികൃതര്‍ ഏറ്റെടുത്തു.
പരപ്പനങ്ങാടി കൊടപ്പാളിയിലെ പീസ് ഓഡിറ്റോറിയം, അഞ്ചപ്പുരയിലെ തഹ്ലീ മുല്‍ ഇസ്ലാം ഓര്‍ഫനേജ് ഹൈസ്‌കൂള്‍, സൂപ്പി ക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുത്തരിക്കലിലെ പി.ഇ.എം സ്‌കൂള്‍, തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ്, ചെമ്മാട്ടെ ദാറുല്‍ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി, താനൂര്‍ ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ഒരുക്കുന്നതിനായി ഏറ്റെടുത്തത്. ഈ സ്ഥാപനങ്ങളില്‍ 100 വീതം കിടക്കകള്‍ സജ്ജീകരിക്കും.
കാലിക്കറ്റ് സര്‍വകലാശാല വനിത ഹോസ്റ്റലിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ നിലവില്‍ 70 കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവിടെ രോഗികള്‍ക്കായി ചികിത്സാ സൗകര്യവും നിരീക്ഷണ സംവിധാനവും വിനോദ ഉപാധികളും ഒരുക്കിയിട്ടുണ്ട്. 10 ഡോക്ടര്‍മാര്‍, 50 സ്റ്റാഫ് നഴ്സുമാര്‍, 50 ട്രോമ കെയര്‍ വളണ്ടിയര്‍മാര്‍ എന്നിവരുടെ മുഴുവന്‍ സമയ സേവനവുമുണ്ട്. കോവിഡ് പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പരപ്പനങ്ങാടി നഗരസഭാ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ തീരുമാനമായി. ജില്ലയുടെ മറ്റ് ഭാഗങ്ങളിലും കൂടുതല്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ഒരുക്കികൊണ്ടിരിക്കുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു.
നഗരസഭാ ചെയര്‍പേഴ്സണ്‍ വി.വി ജമീല ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഭവ്യ രാജ്, നെടുവ സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.പി രഞ്ജിത്ത്, പരപ്പനങ്ങാടി പി എച്ച്സിയിലെ മെഡിക്കല്‍ ഓഫീസറെ പ്രതിനിധീകരിച്ച് ഡോ.ബിനു ബാല്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഹുസൈന്‍, പ്രദീപ്, നഗരസഭ സെക്രട്ടറി കെ ജയകുമാര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.




