തിരുവനന്തപുരം:കഴക്കൂട്ടത്തു നിന്ന് കാണാതായ 13 വയസുകാരി തസ്മിത് തംസുമിയെ ഇതുവരെ കണ്ടെത്താനായില്ല. കുട്ടിയെ കാണാതായിട്ട് 27 മണിക്കൂര്‍ കഴിഞ്ഞിട്ടും ഇതുവരെ പോലീസിന് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് വിവരം. കുട്ടിയെ കണ്ടെത്താന്‍ വ്യാപക തിരച്ചില്‍ നടത്തിവരികയാണ്.
കുട്ടി കന്യാകുമാരിയില്‍ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കന്യാകുമാരി റെയില്‍വെ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. ബെംഗളൂരു- കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസിലാണ് കുട്ടി തിരുവനന്തപുരത്ത് നിന്ന് യാത്രതിരിച്ചത്. ട്രെയിന്‍ വൈകിട്ട് 3.30നാണ് കന്യാകുമാരിയിലെത്തിയത്. ഇവിടെയുള്ള സിസി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഇതില്‍ കുട്ടിയെ കണ്ടെത്താനായില്ല. ട്രെയിന്‍ എത്തിയ മൂന്നാം പ്ലാറ്റ്‌ഫോമിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പരിശോധിച്ചത്. നിലവില്‍ സ്റ്റേഷനിലെ മറ്റു ഭാഗങ്ങളിലെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. കന്യാകുമാരി ബീച്ചിലും പരിശോധന നടത്തുന്നുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂര്‍-കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനില്‍ കയറിയതായാണ് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ പോലീസിന് വിവരം ലഭിച്ചത്. ഇതേ ട്രെയിനില്‍ കുട്ടിയുടെ എതിര്‍വശത്തുള്ള സീറ്റില്‍ ഇരിക്കുകയായിരുന്ന ഒരു യാത്രക്കാരിയാണ് പോലീസിന് നിര്‍ണായക വിവരം കൈമാറിയത്.




