മഞ്ചേരി മെഡിക്കല്‍ കോളജ്: രണ്ടാം ഘട്ട വികസനത്തിന് ഭൂമി ഏറ്റെടുക്കും

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജിന്റെ രണ്ടാം ഘട്ട വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് യു.എ ലത്തീഫ് എം.എല്‍.എ ഡിഡിസി യോഗത്തില്‍ ആവശ്യപ്പെട്ടു. സ്ഥലമെടുപ്പിന് റവന്യൂ വകുപ്പിന്റെ അനുമതി ലഭ്യമായിട്ടുണ്ടെന്നും സാമൂഹികാഘാത പഠനം നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഡപ്യൂട്ടി കലക്ടര്‍(എല്‍.എ) വിശദീകരിച്ചു. മഞ്ചേരി ഒലിപ്പുഴ റോഡിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിച്ചുവരുന്നു. മഞ്ചേരി സെക്കന്‍ഡ് റീച്ച് ബൈപാസ് റോഡിന്റെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കിഴാറ്റൂരില്‍ നിര്‍മിക്കുന്ന പൂന്താനം സ്മാരകം മാര്‍ച്ച് മാസത്തോടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ജില്ലാ നിര്‍മിതി കേന്ദ്രം പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.

വളാഞ്ചേരി വട്ടപ്പാറ ഫയര്‍ സ്റ്റേഷന്‍ നിര്‍മാണത്തിന് അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ട് സംയുക്തപരിശോധന നടത്തും. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയാണ് ഫയര്‍ സ്റ്റേഷന്‍ നിര്‍മാണ പുരോഗതി സംബന്ധിച്ച വിഷയം ഉന്നയിച്ചത്. പെരിന്തല്‍മണ്ണ ടൗണിലെ പട്ടാമ്പി റോഡ് ഉള്‍പ്പെടുന്ന ഭാഗം നവീകരണ പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞതായി കെ.എസ്.ടി.പി എക്‌സി.

എഞ്ചിനീയര്‍ ജില്ല വികസന സമിതി യോഗത്തില്‍ അറിയിച്ചു. പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പെരിന്തല്‍മണ്ണയിലെ ഗതാഗത പ്രശ്‌നം പരിഹരിക്കാനാവൂ എന്ന് നജീബ് കാന്തപുരം എം.എല്‍.എ യോഗത്തില്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top