Section

malabari-logo-mobile

ലോക കേരള സഭ ഇന്നും നാളെയും നിയമസഭാ മന്ദിരത്തില്‍ ; കുവൈറ്റ് ദുരന്ത സാഹചര്യത്തില്‍ ഉദ്ഘാടനം വൈകിട്ട് 3 മണിക്ക്

HIGHLIGHTS : Lok Kerala Sabha today and tomorrow in the Assembly building

ലോക കേരള സഭയുടെ നാലാം സമ്മേളനം ഇന്നും നാളെയും നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കും. കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ രാവിലെ കൊച്ചിയില്‍ എത്തുന്ന സാഹചര്യത്തില്‍ കേരള നിയമസഭാ സമുച്ചയത്തില്‍14 ന് നടക്കുന്ന ലോകകേരള സഭയുടെ ഉദ്ഘാടനം വൈകിട്ട് 3 മണിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുന്നതിനായി മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ കൊച്ചിയിലേക്ക് പോകുന്നതിനാലാണ് രാവിലെ 9.30ന് നടത്താനിരുന്ന ഉദ്ഘാടനത്തിന്റെ സമയം മാറ്റിയത്.

വൈകിട്ട് 3 മണിയുടെ ഉദ്ഘാടനത്തിനു ശേഷം ലോകകേരള സഭയുടെ വിഷയാധിഷ്ഠിത സമ്മേളനങ്ങളും മേഖലാ സമ്മേളനങ്ങളും നടക്കും. രാത്രി ഭക്ഷണത്തിനു ശേഷവും സമ്മേളനം തുടരും.ഇന്നു വൈകിട്ട് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കുവൈറ്റ് അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയാകും സമ്മേളനം ആരംഭിക്കുക. 103 രാജ്യങ്ങളില്‍ നിന്നും, 25 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രവാസി കേരളീയ പ്രതിനിധികള്‍ ലോക കേരള സഭയില്‍ പങ്കെടുക്കും.

sameeksha-malabarinews

പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. മുദ്രാഗാനത്തിനും ദേശീയ ഗാനത്തിനും ശേഷം ചീഫ് സെക്രട്ടറി ഡോ. വി. വേണു ലോക കേരള സഭാ സമ്മേളനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഉദ്ഘാടന ചടങ്ങില്‍ ലോക കേരള സഭയുടെ സമീപന രേഖ മുഖ്യമന്ത്രി സമര്‍പ്പിക്കും. നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറും ചടങ്ങില്‍ പങ്കെടുക്കും. കേരള മൈഗ്രേഷന്‍ സര്‍വെ റിപ്പോര്‍ട്ട് ചടങ്ങില്‍ മുഖ്യമന്ത്രിക്കു കൈമാറും. വിഷയാടിസ്ഥിത ചര്‍ച്ചകളും മേഖലാ സമ്മേളനങ്ങളും നടക്കും. ചടങ്ങില്‍ ലോക കേരളം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും.

15നു രാവിലെ 9.30 മുതല്‍ മേഖലാ യോഗങ്ങളുടെ റിപ്പോര്‍ട്ടിങ്ങും 10.15 മുതല്‍ വിഷയാടിസ്ഥാനത്തിലുള്ള സമിതികളുടെ റിപ്പോര്‍ട്ടിങ്ങും നടക്കും. വൈകിട്ട് 3.30നു മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തും. തുടര്‍ന്നു സ്പീക്കറുടെ സമാപന പ്രസംഗത്തോടെ ലോക കേരളസഭാ സമ്മേളനത്തിനു സമാപനമാകും.

എട്ടു ചര്‍ച്ചാ വിഷയങ്ങള്‍ ; ഏഴു മേഖലാടിസ്ഥിത ചര്‍ച്ചകള്‍

ഏഴു മേഖലകളെ അടിസ്ഥാനമാക്കിയുള്ള മേഖലാ ചര്‍ച്ചകളും പ്രവാസികളുമായി ബന്ധപ്പെട്ട എട്ടു വിഷയങ്ങളുമാകും ഇത്തവണത്തെ ലോക കേരള സഭ ചര്‍ച്ച ചെയ്യുക. 103 രാജ്യങ്ങളില്‍ നിന്നും, 25 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രവാസികേരളീയ പ്രതിനിധികള്‍ക്കു പുറമേ ഇരുന്നൂറിലധികം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയില്‍ പങ്കെടുക്കുന്നുണ്ട്. പാര്‍ലമെന്റ്, നിയമസഭാംഗങ്ങളും നാലാം ലോക കേരളസഭയുടെ ഭാഗമാണ്.

എമിഗ്രേഷന്‍ കരട് ബില്‍ 2021, വിദേശ റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകള്‍, സുസ്ഥിര പുനരധിവാസം – നൂതന ആശയങ്ങള്‍, കുടിയേറ്റത്തിലെ ദുര്‍ബല കണ്ണികളും സുരക്ഷയും, നവ തൊഴിലവസരങ്ങളും നൈപുണ്യവികസനവും പ്രവാസത്തിന്റെ പശ്ചാത്തലത്തില്‍, കേരള വികസനം – നവ മാതൃകകള്‍, വിദേശരാജ്യങ്ങളിലെ മാറുന്ന തൊഴില്‍ കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവും, വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവര്‍ത്തനവും പ്രവാസികളും എന്നിവയാണു നാലാം ലോക കേരള സഭയുടെ ചര്‍ച്ചാ വിഷയങ്ങള്‍. ഗള്‍ഫ്, ഏഷ്യ പസഫിക്, യൂറോപ്പ് ആന്‍ഡ് യുകെ, അമേരിക്ക, ആഫ്രിക്ക, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍, തിരികെയെത്തിയ പ്രവാസികള്‍ എന്നിവയാണു മേഖലാ വിഷയങ്ങള്‍.

14ന് ഉച്ചയ്ക്കു രണ്ടു മുതല്‍ വിഷയാടിസ്ഥാനത്തിനുള്ള ചര്‍ച്ചകളും 3.45 മുതല്‍ മേഖലാ സമ്മേളനങ്ങളും ആരംഭിക്കും. 15നു രാവിലെ 9.30 മുതല്‍ മേഖലാ യോഗങ്ങളുടെ റിപ്പോര്‍ട്ടിങ്ങും 10.15 മുതല്‍ വിഷയാടിസ്ഥാനത്തിലുള്ള സമിതികളുടെ റിപ്പോര്‍ട്ടിങ്ങും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!