
തിരുവനന്തപുരം: കെഎസ്‌ആർടിസിയുടെ ആദ്യ ബിസിനസ് ക്ലാസ് ബസ് പുറത്തിറങ്ങി. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനത്തിൻ്റെ നിയന്ത്രണത്തിലുള്ള ട്രാൻസ്‌പോർട്ട് കോർപറേഷൻ ബിസിനസ് ക്ലാസ് ബസ് സർവീസ് ആരംഭിക്കുന്നത്. തിങ്കളാഴ്ചയാണ് ബെംഗളൂരുവിലെ കോച്ച് നിർമാണ ഫാക്ടറിയിൽനിന്നു നിർമാണം പൂർത്തിയാക്കി ബസ് ഇറക്കിയത്. പാപ്പനംകോട് സെൻട്രൽ വർക്ക്ഷോപ്പിലേക്ക് ബസ് എത്തിച്ചു. ബസ് എന്നുമുതൽ ഓടിത്തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടില്ല.
വിമാനത്തിലെ ബിസിനസ് ക്ലാസിനു സമാനമായ യാത്രാസൗകര്യമാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.തിരുവനന്തപുരം – എറണാകുളം റൂട്ടിലാണ് സർവീസ്. 34 സീറ്റുകളുള്ള ബസിന് ഇളം നീലയും ചാരനിറവും ചേർന്ന നിറമാണുള്ളത്. 100 രൂപയുടെ ഭക്ഷണം ഉൾപ്പെടെ ചേർത്ത് ഏകദേശം 700 രൂപയാണ് എറണാകുളം – തിരുവനന്തപുരം ബിസനസ് ക്ലാസ് ബസിൻ്റെ ടിക്കറ്റ് നിരക്ക്.
രാവിലെ 5:45നാണ് തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ബസ് പുറപ്പെടുക. അതേസമയത്ത് മറ്റൊരു ബസ് എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. നാലുമണിക്കൂറാണ് യാത്രാസമയം. വൈകിട്ട് 5:45നും രണ്ട് ഭാഗത്തേക്കും സർവീസുണ്ട്.
എല്ലാസീറ്റിനും ഇൻ്റർനെറ്റ് സൗകര്യമുള്ള സ്‌ക്രീനുകൾ, ഹെഡ്‌സെറ്റ്, ഫ്ലൈറ്റിലേതിന് തുല്യമായ സീറ്റ്, വൈഫൈ കണക്ഷൻ തുടങ്ങിയവയുണ്ടാകും. എവിടെ എത്തിയെന്നും അടുത്ത സ്‌റ്റോപ് ഏതാണ് തുടങ്ങിയവ ബസിലെ സ്‌ക്രീനിൽ കാണിക്കും. ശുചിമുറി സൗകര്യമുണ്ടാകും.
ഡ്രൈവറെ കൂടാതെ ബസ് ഹോസ്‌റ്റസാണ് ഉണ്ടാകുക. ഇതിലേക്കായി ആറ് വനിതകളെ തെരഞ്ഞെടുത്തു. ഇവർ കണ്ടക്ടർ ലൈസൻസും നേടി. കെഎസ്‌ആർടിസി ആദ്യബിസിനസ് ക്ലാസ് ബസിൻ്റെ ടിക്കറ്റുകൾ ഓൺലൈനായാണ് എടുക്കേണ്ടത്. സീറ്റ് ഒഴിവുണ്ടെങ്കിൽ ട്രാവൽ കാർഡ് ഉള്ളവർക്ക് കയറാം.
ബസ് നിർമാണം വൈകിയതിനാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽവന്നതിനു ശേഷമേ ബസ് ലഭിക്കുകയുള്ളൂവെന്നും ഉദ്ഘാടനമില്ലാതെ ബസ് ഓടിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




