
തിരുവനന്തപുരം: കേരളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ എഫ്-35ബി എന്ന ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ പറന്നു. അഞ്ച് ആഴ്ചയ്ക്ക് ശേഷമാണ് ബ്രിട്ടീഷ് നേവിയുടെ വിമാന വാഹിനി കപ്പല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് തിരികെ പറന്നത്. യുകെയില്‍ നിന്നുള്ള വിദഗ്ധ സംഘമെത്തി അറ്റകുറ്റപ്പണികള്‍ ചെയ്ത ശേഷമാണ് മടക്കം. ഇന്നലെ പരീക്ഷണ പറക്കല്‍ നടത്തി പ്രവര്‍ത്തന ക്ഷമത ബോധ്യപ്പെട്ടതോടെയാണ് വിമാനം യു.കെയിലേക്ക് പറന്നത്.
ജൂണ്‍ 14 ന് യുകെയില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് പറക്കുന്നതിനിടെയാണ് വിമാനം കേരളത്തിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നത്. കുറഞ്ഞ ഇന്ധന നിലയും പ്രതികൂല കാലാവസ്ഥയും നേരിട്ട പൈലറ്റ് അടുത്തുള്ള വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ വ്യോമസേന ഉടന്‍ എത്തി തിരുവനന്തപുരത്ത് ലാന്‍ഡിംഗ് സൗകര്യമൊരുക്കി.
വിമാനത്തിലുണ്ടായിരുന്ന ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്‌സിലറി പവര്‍ യൂണിറ്റിന്റെയും തകരാറുകളാണ് ആദ്യം പരിഹരിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തിലെ ഹാങ്ങറില്‍നിന്നു പുറത്തിറക്കി എന്‍ജിന്റെ ക്ഷമത പരിശോധിച്ച് ഉറപ്പാക്കി. പറത്തിക്കൊണ്ടുപോകാന്‍ കഴിയുമോ എന്ന സംശയം ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ അറ്റകുറ്റപ്പണികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ വിമാനം പറത്തിക്കൊണ്ടു പോകാനുള്ള തയ്യാറെടുപ്പുകള്‍ കഴിഞ്ഞ ആഴ്ചയോടെ പൂര്‍ത്തിയാക്കുകയായിരുന്നു.
ദിവസേന 26000 രൂപയിലേറെ വാടകയാണ് ബ്രിട്ടീഷ് യുദ്ധ വിമാനത്തിന് തിരുവനന്തപുരം വിമാനത്താവളത്തിന് നല്‍കേണ്ടത്. 33 ദിവസത്തേക്കായി 9 ലക്ഷത്തോളം രൂപ വാടകയിനത്തില്‍ മാത്രം എഫ് 35 ന് ചെലവുണ്ട്.
ലോക്ക്ഹീഡ് മാര്‍ട്ടിന്‍ രൂപകല്‍പ്പന ചെയ്ത എഫ്-35ബി ലോകത്തിലെ ഏറ്റവും ചെലവേറിയ യുദ്ധവിമാനങ്ങളില്‍ ഒന്നാണ്. ഇതിന് മൂന്ന് വകഭേദങ്ങളുണ്ട് – എ, ബി, സി. യുകെ നേവി ഉപയോഗിക്കുന്ന ബി വേരിയന്റിന് ഷോര്‍ട്ട് ടേക്ക്-ഓഫും വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗും ചെയ്യാന്‍ കഴിയും.
തിരുവനന്തപുരത്ത് നിന്ന് നേരെ ഓസ്ട്രേലിയയിലേക്കാണ് പോവുക. അവിടെനിന്ന് പിന്നീട് യു.കെയിലേക്ക് പോകും. ക്യാപ്റ്റര്‍ മാര്‍ക്ക് ആണ് വിമാനത്തെ ഇവിടെ നിന്ന് പറത്തിക്കൊണ്ടുപോയത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തത് ദിവസങ്ങളും ആഴ്ചകളും പിന്നിട്ടിട്ടും തിരികെ കൊണ്ടുപോകാന്‍ കഴിയാതെ വന്നതോടെ വിമാനത്തിന്റെ ചിത്രം ഉള്‍പ്പെടുത്തി കേരള ടൂറിസം പങ്കുവെച്ച ‘എനിക്ക് മടങ്ങേണ്ടാ’ എന്ന പോസ്റ്റ് ജനശ്രദ്ധപിടിച്ചു പറ്റിയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




