ചലച്ചിത്ര നയം ചരിത്രപരമായ ചുവട് വെയ്പ്പ് : മന്ത്രി സജി ചെറിയാന്‍

മലയാള സിനിമയുടെ നൂറാം വാര്‍ഷികത്തിന് മൂന്ന് വര്‍ഷം മാത്രം ബാക്കിയുള്ള സാഹചര്യത്തില്‍ ചലച്ചിത്രനയം രൂപീകരിക്കുന്നത് ചരിത്രപരമായ ഒരു ചുവടുവയ്പാണെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു. കേരള ഫിലിം പോളിസി കോണ്‍ക്ലേവില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മലയാള സിനിമയുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഒരു പുരോഗമനപരമായ ചലച്ചിത്ര നയം രൂപീകരിക്കും. കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച സിനിമാസൗഹൃദ സംസ്ഥാനമാക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷം കരട് ചലച്ചിത്രനയത്തില്‍ ദേഭഗതികള്‍ ആവശ്യമെങ്കില്‍ വരുത്തും. ഇതിനുള്ള പ്രാരംഭ നടപടികള്‍ 2023 ജൂണില്‍ത്തന്നെ ആരംഭിച്ചിരുന്നു. പ്രമുഖ സംവിധായകനായിരുന്ന ഷാജി എന്‍. കരുണ്‍ ചെയര്‍മാനായ കമ്മിറ്റി, 75-ലധികം സംഘടനകളുമായും 500-ല്‍ പരം വ്യക്തികളുമായും ഒരു വര്‍ഷം നീണ്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. മലയാള സിനിമയുടെ വികസനത്തിനായി പ്രവര്‍ത്തിച്ച ഷാജി എന്‍. കരുണിനെ നന്ദിയോടെ മന്ത്രി അനുസ്മരിച്ചു.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്രനയം രൂപീകരിക്കാന്‍ ഇത്രയും വിപുലമായ ജനാധിപത്യ വേദി ഒരുക്കുന്നത്. സിനിമയിലെ ലിംഗസമത്വം, സ്ത്രീ സുരക്ഷ, ക്ഷേമപ്രവര്‍ത്തനങ്ങള്‍, വ്യാജ പതിപ്പുകള്‍ക്കെതിരായ നടപടികള്‍, സാങ്കേതികവിദ്യ, ഫിലിം ടൂറിസം തുടങ്ങിയ 10 പ്രധാന വിഷയങ്ങളും മൂന്ന് ഉപവിഷയങ്ങളും ഈ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യും.

കോണ്‍ക്ലേവിലെ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഹന്‍സല്‍ മേത്ത, സയ്യിദ് അഖ്തര്‍ മിര്‍സ, സുധീര്‍ മിശ്ര, വെട്രിമാരന്‍, റസൂല്‍ പൂക്കുട്ടി, സുഹാസിനി മണിരത്നം, രേവതി തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്. ജര്‍മ്മനി, യു.കെ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്നു. പ്രശസ്ത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സമാപന സമ്മേളനത്തില്‍ സംബന്ധിക്കും.

കേരള ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് പോലെ രണ്ടു വര്‍ഷത്തിലൊരിക്കല്‍ കേരള ഫിലിം മാര്‍ട്ട് സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി അറിയിച്ചു. സിനിമ ഉള്‍പ്പെടെയുള്ള കലകളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് വിനോദവ്യവസായ മേഖലയുടെ സമഗ്ര വികസനം സാധ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കോണ്‍ക്ലേവിലെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കരട് ചലച്ചിത്ര നയം അടുത്ത മൂന്ന് മാസത്തിനുള്ളില്‍ തയ്യാറാക്കി പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി പ്രസിദ്ധീകരിക്കും. ഈ നയം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ ഏറ്റവും മികച്ചതും സമഗ്രവുമായ ചലച്ചിത്ര നയമുള്ള സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top