കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ‘ എന്റെ കേരളം ‘ സമഗ്രവാര്‍ത്താ പുരസ്‌കാരം – റേഡിയോ സിയുവിന്

സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി മലപ്പുറത്ത് സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശനപരിപാടിയില്‍ സമഗ്രവാര്‍ത്താ കവറേജിനുള്ള പുരസ്‌കാരം നേടി കാലിക്കറ്റ് സര്‍വകലാശാലയുടെ റേഡിയോ സിയു. ഇന്റര്‍നെറ്റ് റേഡിയോ ഉള്ളടക്കത്തിന് പുറമെ സാമൂഹിക മാധ്യമങ്ങളിലും പ്രദര്‍ശനത്തിന്റെ വാര്‍ത്തകള്‍ മികച്ച രീതിയില്‍ അവതരിപ്പിച്ചാണ് റേഡിയോ സിയു ശ്രദ്ധ നേടിയത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ പരിചയപ്പെടുത്തിയും അഭിമുഖങ്ങള്‍ നല്‍കിയും സ്റ്റാളുകളിലെ വിശേഷങ്ങള്‍ പങ്കുവെച്ചും റേഡിയോ സിയു ആര്‍ജെമാര്‍ താരങ്ങളായി. പ്രോഗ്രാം എക്‌സിക്യുട്ടീവ് ജില്‍ഷ ഹേമന്ത്, സൗണ്ട് റെക്കോഡിസ്റ്റ് പി.സി. ചന്തുലാല്‍, ആര്‍ജെമാരായി വിദ്യാര്‍ഥികളായ എം.എസ്. അപര്‍ണ, ക്രിസ്റ്റീന ഷാജി, പി.എ. അദീല, ഇ.എം. ഫര്‍ഹാന, വി.എം. ശ്രീലക്ഷ്മി, ടി.എസ്. ആതിര, പി.എന്‍. മുഹമ്മദ് നിയാസ്, എം.എസ്. ബ്രവിം, ഭഗത് എം. സനില്‍, എം. അഭിനന്ദ്, വി.എസ്. സനുജ, ലിനറ്റ് മരിയ, പി.കെ. റിന്‍ഹ ഷെറിന്‍, മുഹമ്മദ് സനീദ്, കീര്‍ത്തന ഉണ്ണി എന്നിവര്‍ ഉള്‍പ്പെടുന്നതായിരുന്നു ടീം റേഡിയോ സിയു. ഇവര്‍ക്കൊപ്പം റേഡിയോ സിയു എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ശ്രീകല മുല്ലശ്ശേരി, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി.കെ. ഷിജിത്ത് എന്നിവരും ചേര്‍ന്നാണ് ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്. നൂതനാശയങ്ങളെ സംരഭങ്ങളാക്കി വികസിപ്പിക്കുന്ന സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്റ് ഓന്‍ട്രിപ്രൂണര്‍ഷിപ്പ് (സി.ഐ.ഇ.), സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജിന്റെ നേതൃത്വത്തില്‍ ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേഷന്‍ (ടി.ബി.ഐ.-ഐ.ഇ.ടി.), ഡിജിറ്റല്‍ സ്റ്റുഡന്റ് സര്‍വീസ് സെന്ററായ സുവേഗ എന്നിവയും പ്രദര്‍ശനത്തില്‍ പങ്കാൡകളായി.

മണ്ണാർക്കാട് സി.സി.എസ്.ഐ.ടിയിൽ ബി.എസ് സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രവേശനം

മണ്ണാർക്കാട് എം.ഇ.എസ്. കോളേജിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ പുതുതായി ആരംഭിച്ച ബി.എസ് സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസില്ല. സർവകലാശാലാ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446670011, 8891209610.

രസതന്ത്ര പഠന വകുപ്പിൽ പി.എച്ച്‌.ഡി. പ്രവേശന അഭിമുഖം

കാലിക്കറ്റ് സർവകലാശാലാ രസതന്ത്ര പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശനത്തിന് 2024 പി.എച്ച്.ഡി. പൊതുപ്രവേശന പരീക്ഷാ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും പഠനവകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തവരിൽ യോഗ്യരായവരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം മെയ് 22-ന് നടക്കും. രാവിലെ 11 മണിക്ക് പഠനവകുപ്പ് കോൺഫറൻസ് ഹാളിലാണ് അഭിമുഖം.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ( CCSS – 2021, 2023 പ്രവേശനം ) എം.എ. മ്യൂസിക് നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ പരീക്ഷ

മൂന്നാം സെമസ്റ്റർ എം.വോക്. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്‌സ് നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ മെയ് 15-ന് തുടങ്ങും. കേന്ദ്രം : സി.സി.എസ്.ഐ.ടി. കൊടുങ്ങല്ലൂർ തൃശ്ശൂർ. വിശദമായ സമയക്രമം സർവകലാശാലാ വെബ്സൈറ്റിൽ.

സൂക്ഷ്മപരിശോധനാഫലം

ഒന്നാം സെമസ്റ്റർ എം.എസ് സി. ഫിസിക്സ് നവംബർ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top