നിയമം പാലിക്കുന്നവര്‍ക്ക് പായസക്കിറ്റുകള്‍ നല്‍കി മോട്ടോര്‍-വാഹന വകുപ്പ്

തിരൂരങ്ങാടി: ആഘോഷവേളയില്‍ സുരക്ഷയുടെ കരുതലിനു മധുരത്തിന്റെ പിന്‍ബലമേകി മോട്ടോര്‍ വാഹന വകുപ്പ്. നിരത്തുകളില്‍ നിയമം പാലിക്കുന്നവര്‍ക്ക് പായസക്കിറ്റുകള്‍ നല്‍കിയാണ് തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വേറിട്ട ബോധവല്‍ക്കരണം നടത്തുന്നത്. ഓണാഘോഷത്തിന് അപകടങ്ങള്‍ കുറക്കുക, കുടുംബങ്ങളില്‍ റോഡ് സുരക്ഷാ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്ഉദ്യോഗസ്ഥരുടെ പുതുമയാര്‍ന്ന് ഈ കാല്‍വെപ്പ്.

പോലീസ് വളണ്ടിയര്‍മാര്‍, താലൂക്ക് റോഡ് സുരക്ഷ കൂട്ടായ്മ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പായസ കിറ്റ് വിതരണവും ബോധവല്‍ക്കരണവും സംഘടിപ്പിച്ചത്. ദേശീയപാതയിലെ സ്ഥിരം അപകട മേഖലയായ ചങ്കുവെട്ടി മുതല്‍ തലപ്പാറ വരെയുള്ള ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ബോധവല്‍ക്കരണം. വാഹന പരിശോധനക്കൊപ്പമാണ് പായസക്കിറ്റും റോഡ് സുരക്ഷാ സന്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖയും വിതരണം നടത്തുന്നത്.

റോഡരികില്‍ കാത്തുനില്‍ക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് മധുരം മാത്രം പ്രതീക്ഷിച്ച് വാഹനവുമായി ഇറങ്ങേണ്ട. നിയമ ലംഘനങ്ങള്‍ക്ക് വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാവും. വാഹനങ്ങളിലെ രൂപമാറ്റം, അമിത ലൈറ്റുകള്‍, എയര്‍ഹോണ്‍ തുടങ്ങിയവക്കെതിരെയും, ലൈസന്‍സ്, ഇന്‍ഷുറന്‍സ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്കെതിരെയും കര്‍ശന നടപടികള്‍ എടുക്കുമെന്ന് തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ എസ് എ ശങ്കരപ്പിള്ള പറഞ്ഞു.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ റോഡില്‍ വാഹനങ്ങള്‍ വര്‍ധിച്ചത് അപകടങ്ങള്‍ വര്‍ദ്ധിക്കാനിടയായിട്ടുണ്ട്. അനധികൃത പാര്‍ക്കിംഗുകളും അനാവശ്യ യാത്രകളും ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും ഒരു പോലെ തലവേദനയാവുന്നുണ്ട്. മഴക്കാലമായതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് അധികൃതര്‍ പറയുന്നു. വാഹനങ്ങളിലെ ഓരോ സംവിധാനങ്ങളുടെയും പ്രവര്‍ത്തനക്ഷമത പരിശോധിച്ചും ബോധവല്‍ക്കരണം നല്‍കി.

കോവിഡ് സമയത്ത് വന്ന വിഷു പെരുന്നാള്‍ ആഘോഷനാളുകളിലും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതുപോലുള്ള ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഓട്ടോ ബസ് തൊഴിലാളികള്‍ക്ക് ഭക്ഷണ കിറ്റുകള്‍, റോഡ് സുരക്ഷാ ബോധവല്‍ക്കരണം, സൗജന്യ ഹെല്‍മറ്റ് വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ അന്ന് പ്രശംസ പിടിച്ചു പറ്റിയ ഉദ്യോഗസ്ഥരുടെ പായസക്കിറ്റ് വിതരണത്തിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ എസ്.എ. ശങ്കരപിള്ള, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എം.കെ പ്രമോദ് ശങ്കര്‍, വി കെ സജിന്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ. സന്തോഷ് കുമാര്‍, ഷാജില്‍ കെ രാജ്, ടി പി സുരേഷ് ബാബു പോലീസ് വളണ്ടിയര്‍മാരായ ഷഫീഖ് ചോലക്കുണ്ടന്‍, സഫല്‍, കൊല്ലഞ്ചേരി, റോഡ് സുരക്ഷാ കൂട്ടായ്മ താലൂക്ക് സെക്രട്ടറി ഒ സി ബഷീര്‍ അഹമ്മദ്, തെങ്ങിലാന്‍ സിദിഖ് എന്നിവരുടെ നേതൃത്വത്തിലാണ് ഓണക്കിറ്റ് വിതരണം സംഘടിപ്പിച്ചത് ഓണത്തിനോടനുബന്ധിച്ച് അപകടങ്ങള്‍ കുറക്കുന്നതിന് വരും ദിവസങ്ങളിലും വിവിധ ബോധവത്ക്കരണ പരിപാടികളും പരിശോധന കര്‍ശനമാക്കുമെന് ജോയിന്റ് ആര്‍.ടി.ഒ പറഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top