താനൂര്‍: ചീരാന്‍ കടപ്പുറം സ്വദേശിയില്‍ നിന്നും സമൂഹ വ്യാപനത്തിലൂടെ താനൂര്‍ വില്ലേജ് ഓഫീസ് ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നഗരസഭ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങളിലേക്ക്.
ജൂണ്‍ 22 ന് രോഗബാധ സ്ഥിരീകരിച്ച താനൂര്‍ ചീരാന്‍ കടപ്പുറം സ്വദേശിയുടെ ഭാര്യ (37), മകന്‍ (രണ്ട് വയസ്), ചീരാന്‍ കടപ്പുറം സ്വദേശിയുമായി നേരിട്ട് ഇടപഴകിയ താനൂര്‍ വില്ലേജ് ഓഫീസ് ജീവനക്കാരന്‍ താനൂര്‍ സ്വദേശി (50), അങ്കമാലി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ മങ്കട നെച്ചിനിക്കോട് സ്വദേശി (39) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.
ഇതിന്റെ ഭാഗമായി വലിയ രീതിയില്‍ സമൂഹ പരിശോധന നടത്തണമെന്നും, താനൂരിലെക്കുള്ള അതിര്‍ത്തികളും, നഗര റോഡും നിയന്ത്രിക്കണമെന്നും നഗരസഭാ ഭരണസമിതി ആവശ്യപ്പെട്ടു. വില്ലേജ് ഓഫീസ് ഉള്‍കൊള്ളുന്ന സിവില്‍ സ്റ്റേഷന്‍ താല്‍ക്കാലികമായി അടച്ചിട്ടു. നഗരസഭാ കാര്യാലയ സേവനങ്ങളും പത്തു ദിവസത്തേക്ക് നിര്‍ത്തിവച്ചു. അതിരാവിലെ മുതല്‍ ഉച്ചഭാഷിണിയിലൂടെ നഗരസഭയുടെ എല്ലാ ഭാഗങ്ങളിലും മുന്നറിയിപ്പുനല്‍കി.
നാളെ 12 മണിക്ക് ആരോഗ്യവകുപ്പ്, പോലീസ്, നഗരസഭ തുടങ്ങി വകുപ്പുകളുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേരുമെന്നും, 9 ക്വാറന്റൈന്‍ സെന്ററുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും മുന്‍സിപ്പല്‍ കൗണ്‍സിലറുമായ എം.പി അഷ്‌റഫ് മലബാരി ന്യൂസിനോട് പറഞ്ഞു.




