സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ജില്ലാതല ഉദ്ഘാടനം ചെയ്തു

മലപ്പുറം:നവ കേരള കര്‍മ പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ജില്ലാ ആസൂത്രണസമിതിഹാളില്‍ നടന്നു. കായിക-വഖഫ്-ഹജ്ജ്-റെയില്‍വേ- വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കുന്ന പരിപാടിയാണ് സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി. ഓരോ ക്ലാസിലും പ്രായത്തിനനുസരിച്ച് കുട്ടികള്‍ നേടേണ്ട ശേഷികള്‍ ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അക്കാദമിക് ഗുണനിലവാരം ഉയര്‍ത്തുക, മൂല്യനിര്‍ണയ രീതി പ്രാവര്‍ത്തികമാക്കുക, ടെക്‌നോളജി പ്രയോജനപ്പെടുത്തുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് വിവിധ ഏജന്‍സികളെയും വകുപ്പുകളെയും സംയോജിപ്പിച്ച് വിഭാവനം ചെയ്യുന്നത്. പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള കുട്ടികളെ കേന്ദ്രീകരിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന മലപ്പുറം ജില്ലയുടെ ആക്ഷന്‍ പ്ലാനും പരിപാടിയില്‍ ചര്‍ച്ച ചെയ്തു.

2023-24 അധ്യയന വര്‍ഷത്തെ ദേശീയതല ഇന്‍സ്പയര്‍ അവാര്‍ഡ് മനക്ക് മത്സരത്തില്‍ ഫൈനല്‍ ലിസ്റ്റില്‍ എത്തി ഇന്റര്‍നാഷണല്‍ ലെവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വടശ്ശേരി ജി എച്ച് എസ് വിദ്യാര്‍ത്ഥി മുഹമ്മദ് റോഷന് മന്ത്രി ഉപഹാരം കൈമാറി.
മലപ്പുറം എംഎല്‍എ ഉബൈദുള്ള ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.ഗീതാകുമാരി, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, റിട്ട. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ പി രമേശ് കുമാര്‍, ഡയറ്റ് മലപ്പുറം പ്രിന്‍സിപ്പല്‍ ഡോ. ബാബു വര്‍ഗീസ്, സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ ടി സലീം, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ അബ്ദുറഹ്‌മാന്‍ കാരാട്ട്, മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നസീബ അസീസ്, നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ മാട്ടുമ്മല്‍ സലീം എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top