തിരുവനന്തപുരം ഒരു മണിക്കൂര്‍ നാല്‍പ്പത്തിഅഞ്ചുമിനിട്ട് നീണ്ടുനിന്ന വാര്‍ത്താസമ്മേളത്തിനൊടുവില്‍ അന്‍വര്‍ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. അന്‍വറിന്റെ ഗുരുതരമായ ആരോപണങ്ങളില്‍ എഡിജിപിക്കെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ശശിക്കെതിരെ ഒരു അന്വേഷണവും ഇല്ല എന്ന് തുറന്നടിച്ചു.
ഇടതു പശ്ചാത്തലമുള്ള ആളല്ല അന്‍വറെന്നും കോണ്‍ഗ്രസില്‍നിന്ന് വന്നയാളാണെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്നയാളാണെന്നും, ഒരു തെറ്റും പി. ശശി ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൂടാതെ സ്വര്‍ണ്ണകള്ളക്കടത്ത് ബന്ധമുണ്ടെന്ന് എഡിജിപിക്കെതിരെ ഉന്നയിച്ച ആരോപണവും മുഖ്യമന്ത്രി തള്ളി. ഇക്കാര്യത്തില്‍ പോലീസിനെ ന്യായികരിച്ച മുഖ്യമന്ത്രി ഈ ആരോപണത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ളവരാണെന്ന ആരോപണവുമടക്കം ഉന്നയിച്ചു. ഇത് അന്‍വറാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് എന്റെ വായില്‍ വെക്കേണ്ട എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.




