മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80ാം പിറന്നാള്‍

HIGHLIGHTS : Chief Minister Pinarayi Vijayan celebrates his 80th birthday today

cite

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80ാം പിറന്നാള്‍. കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ ആഘോഷങ്ങള്‍ ഒന്നുമില്ലാതെയാണ് എണ്‍പതാം പിറന്നാളും പിണറായിക്ക്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് 9 വര്‍ഷം പൂര്‍ത്തിയാകുകയാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് സമാപനമായത് ഇന്നലെയാണ്.

കണ്ണൂരിലെ പിണറായിയില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച്, വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന പിണറായി വിജയന്റെ ജീവിതം പോരാട്ടത്തിന്റെ കഥയാണ്. നിലപാടുകളിലെ കണിശതയും കാര്‍ക്കശ്യവുമാണ് വിജയനിലെ നേതാവിനെ വാര്‍ത്തെടുത്തത്.

കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ ശബ്ദം. ശക്തമായ നിലപാടുകളും ഭരണമികവും. പ്രതിസന്ധിഘട്ടങ്ങളില്‍ മാതൃകാപരമായ നേതൃത്വം. പിണറായി വിജയന്‍ എന്ന നേതാവിന്റെ കരുത്തും ഇരുത്തവും കേരളം പലകുറി കണ്ടറിഞ്ഞതാണ്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോട് നീതി പുലര്‍ത്തുമ്പോഴും പ്രയോഗികവാദിയായ നേതാവായാണ് പിണറായി വിജയന്‍ അറിയപ്പെടുന്നത്. പ്രളയം, നിപ, കോവിഡ് തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളില്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ കാട്ടിയ കണിശത നേതൃപാടവത്തെ അടയാളപ്പെടുത്തിയെങ്കില്‍, കേരളത്തിന്റെ വികസനസ്വപ്നങ്ങള്‍ പിണറായി വിജയന്റെ ഭരണമികവിലൂടെ ഇപ്പോള്‍ യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുന്നു.

കണ്ണൂരിലെ പിണറായിയില്‍ 1945 മെയ് 24-ന് മുണ്ടയില്‍ കോരന്റെയും ആലക്കണ്ടി കല്യാണിയുടെയും മകനായി ജനിച്ച പിണറായി വിജയന്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. 26-ആം വയസ്സില്‍, 1970-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ആദ്യമായി നിയമസഭയിലെത്തിയ പിണറായി വിജയന്‍ 1977-ലും 1991 -ലും കൂത്തുപറമ്പില്‍ നിന്ന് വിജയം ആവര്‍ത്തിച്ചു. 1996-ല്‍ പയ്യന്നൂരില്‍ നിന്നും 2016-ലും 2021-ലും ധര്‍മ്മടത്ത് നിന്നും വിജയന്‍ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

ഇ കെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്തെ വൈദ്യുതി ഉല്‍പാദനത്തിലും വിതരണത്തിലും ശ്രദ്ധേയമായ മാറ്റങ്ങള്‍ കൊണ്ടുവന്ന വിജയന്‍, സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരിക്കെ പാര്‍ട്ടിയെ കണിശതയോടെ നയിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു.  2016-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ചരിത്ര വിജയത്തിലേക്ക് നയിച്ച പിണറായി വിജയന്‍ 2021-ല്‍ മുന്നണിയ്ക്ക് തുടര്‍ഭരണം ഉറപ്പാക്കുകയും ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!